തൃശൂര്‍: ഗുരുവായൂര്‍ ആനയോട്ടത്തില്‍ ഗോപീകണ്ണന് തുടര്‍ച്ചയായ എട്ടാം തവണയും ഒന്നാമനായി. ചെന്താമരാക്ഷന്, കണ്ണന് എന്നീ ആനകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തെത്തി. ആദ്യം എത്തിയ മൂന്ന് ആനകള്‍ ക്ഷേത്രത്തിന് ചുറ്റും ഏഴ് തവണ ചുറ്റി ആചാരം പൂര്‍ത്തിയാക്കി. 10 ദിവസം നീണ്ട് നില്ക്കുന്ന ഉത്സവത്തിന്റെ ആരംഭമായാണ് എല്ലാ വര്‍ഷവും ആനയോട്ടം നടക്കാറുള്ളത്.
ഏറ്റവും മുന്നില്‍ ഓടിയെത്തി ക്ഷേത്രം ഗോപുര വാതില്‍ കടക്കുന്ന ആനയാണ് വിജയിയാകുന്നത്. ആനയോട്ടത്തിലെ ജേതാവായിരിക്കും ഉത്സവത്തിന്റെ പത്ത് ദിവസങ്ങളിലും സ്വര്‍ണത്തിടമ്പ് എഴുന്നള്ളിക്കുക. 25 ആനകളാണ് ഗുരുവായൂര്‍ ആനയോട്ടത്തില്‍ പങ്കെടുത്തത്.
മൂന്ന് മണിക്കാണ് മത്സരം ആരംഭിച്ചത്. മഞ്ജുളാല്‍ മുതല്‍ ക്ഷേത്രം വരെയായിരുന്നു ഓട്ടം. ആനയോട്ട വഴികളില്‍ മഞ്ജുളാല്‍ മുതല്‍ ക്ഷേത്രനട വരെ ബാരികോഡ് കെട്ടി കനത്ത സുരക്ഷ ഒരുക്കിയായിരുന്നു മത്സരം. ഇത്തവണ മുന്നിലോടാന്‍ ചെന്താമരാക്ഷന്, കണ്ണന്, നന്ദന്, ഗോപീകണ്ണന്, നന്ദിനി എന്നീ ആനകളെയാണ് തെരഞ്ഞെടുത്തത്. അച്യുതന്, ദേവദാസ് എന്നിവരായിരുന്നു കരുതല്‍ ആനകള്‍.
Discussion about this post