വള്ളിക്കാവ്: കൊല്ലം അമൃതാനന്ദമയി മഠം അധികൃതരും കൊറോണ ഭീതിയുടെ നിഴലിൽ. മഠത്തിലേക്ക് പ്രവേശിക്കുന്നതിൽ നിന്നും ഭക്തരെ വിലക്ക് കൊണ്ട് സോഷ്യൽമീഡിയയിലൂടെ അറിയിപ്പും പുറത്തുവിട്ടു. കൊറോണ പടർന്നുപിടിക്കുന്ന സാഹചര്യത്തിലാണ് വിലക്കേർപ്പെടുത്തിയതെന്ന് മാതാ അമൃതാനന്ദമയിയുടെ ട്വിറ്റർ അക്കൗണ്ടിലൂടെ പ്രസിദ്ധപ്പെടുത്തിയ ട്വീറ്റിൽ പറയുന്നു.
‘ആരോഗ്യവകുപ്പ് ഏർപ്പെടുത്തിയ കർശന നിയന്ത്രണത്തെ തുടർന്ന് മാതാ അമൃതാനന്ദമയീ മഠത്തിൽ സന്ദർശകർക്ക് വിലക്കേർപ്പെടുത്തിയതായി വ്യസനസമേതം അറിയിക്കുന്നു. വിദേശികളും സ്വദേശികളുമായ നിരവധി ഭക്തർ അധിവസിക്കുന്ന ആശ്രമം ഇപ്പോൾ ആരോഗ്യവകുപ്പിന്റെ നിരന്തര നിരീക്ഷണത്തിലും പരിശോധനയിലുമാണ് ഉള്ളത്. ഈ സാഹചര്യത്തിൽ ഇന്ത്യൻ പൗരൻമാരോ വിദേശികളോ ആയ ഭക്തരെ ആശ്രമത്തിൽ പ്രവേശിപ്പിക്കാൻ സാധിക്കില്ല. പകൽ സമയത്തെ സന്ദർശനത്തിനും ആശ്രമത്തിൽ താമസിക്കുന്നതിനും ഈ നിയന്ത്രണം ബാധകമാണ്. എത്ര എത്ര കാലം മുൻപ് ഇന്ത്യയിൽ എത്തിയ വിദേശ പൗരൻമാർ ആണെങ്കിലും അവർ ഈ നിയന്ത്രണങ്ങൾ പാലിക്കണം. ദൈവാനുഗ്രഹം കൊണ്ടും പ്രാർത്ഥന കൊണ്ടും ഈ സാഹചര്യം വൈകാതെ മാറും എന്ന് പ്രത്യാശിക്കുന്നു’- എന്നാണ് കുറിപ്പിൽ പറയുന്നത്.
കൊല്ലം വള്ളിക്കാവിലെ ആശ്രമത്തിൽ പ്രതിദിനം മൂവായിരത്തോളം പേരാണ് സന്ദർശിക്കാറുള്ളത്. എന്നാൽ വിദേശികളടക്കം രാജ്യത്ത് മുപ്പതിലേറെ പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ഭക്തരെ ആലിംഗനം ചെയ്തുകൊണ്ടുള്ള ദർശനം അവസാനിപ്പിക്കാൻ ആരോഗ്യവകുപ്പ് അധികൃതർ അമൃതാനന്ദമയീ മഠത്തോട് ആവശ്യപ്പെടുകയായിരുന്നു എന്നാണ് വിവരം.
Discussion about this post