കോഴിക്കോട്: വിദേശരാജ്യങ്ങളിലെ പോലീസ് സേനകളെ പോലെ ഇനി കേരളാ പോലീസും ബൈക്കുകളിൽ പറപറക്കും. ട്രാഫിക് ബ്ലോക്കുകളെ വകവെയ്ക്കാതെ കേരള പോലീസിനും എവിടേയും പറന്നെത്താൻ സഹായിക്കുന്ന അഞ്ച് സ്പോർട്സ് ബൈക്കുകളാണ് സേനയ്ക്ക് സ്വന്തമായത്. കോഴിക്കോട്ടെ ട്രാഫിക്ക് പോലീസിനാണ് ജാപ്പനീസ് ബൈക്ക് നിർമ്മാതാക്കളായ സുസുക്കി അഞ്ച് ജിക്സർ 250 ബൈക്കുകൾ സമ്മാനിച്ചത്. സുസുക്കിയുടെ കോർപറേറ്റ് റെസ്പോൺസിബിലിറ്റി പദ്ധതിയുടെ ഭാഗമായാണ് ബൈക്കുകൾ നൽകിയത്.
കോഴിക്കോട് നഗരത്തിലെ ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിനായാണ് ഈ ബൈക്കുകൾ ഉപയോഗിക്കുക. പോലീസിന്റെ ആവശ്യങ്ങൾക്കനുസരിച്ച് മാറ്റങ്ങൾ വരുത്തിയാണ് വാഹനം കൈമാറിയത്. മൈക്കും ഉച്ചഭാഷിണിയും പ്രത്യേക ലൈറ്റും സൈറനും ബൈക്കുകളിൽ ഘടിപ്പിച്ചിട്ടുണ്ട്. തിരക്കുള്ള സ്ഥലങ്ങളിൽ പൊതുജനങ്ങൾക്ക് അറിയിപ്പുകൾ നൽകാനാണിത്. ചുവപ്പ്, നീല നിറങ്ങളിലുള്ള ബീക്കൺ ലൈറ്റുകൾ, സൈഡ് ബോക്സുകൾ, വിൻഡ് ഷീൽഡ് എന്നിവ ഈ ബൈക്കുകളിൽ ഘടിപ്പിച്ചിട്ടുണ്ട്. വിൻഡ് ഷീൽഡ്, സൈഡ് ബോക്സ്, പെട്രോൾ ടാങ്ക് എന്നിവിടങ്ങളിൽ പോലീസ് സ്റ്റിക്കറും പതിപ്പിച്ചിട്ടുണ്ട്. വെള്ള നിറത്തിലുള്ള ജിക്സർ 250-യാണ് പോലീസിന് സ്വന്തമായത്.
249 സിസി സിംഗിൾ സിലിണ്ടർ ഓയിൽ കൂൾഡ് എൻജിനാണ് ജിക്സർ എസ്എഫിന്റെ കരുത്ത്. ആറ് സ്പീഡ് ഗിയർബോക്സാണ് ട്രാൻസ്മിഷൻ. ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഈസി സ്റ്റാർട്ട് സിസ്റ്റവും വാഹനത്തിലുണ്ട്. ഡ്യുവൽ ഡിസ്ക് ബ്രേക്കും ഇരട്ട ചാനൽ എബിഎസുമാണ് സുരക്ഷ.
Discussion about this post