കൊല്ലം: കൊവിഡ് 19 വൈറസ് ബാധ പടരുന്ന പശ്ചാത്തലത്തില്‍ മാതാ അമൃതാനന്ദമയീ ഭക്തര്‍ക്ക് ദര്‍ശനം നല്‍കുന്നത് നിര്‍ത്തി. ആരോഗ്യവകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് അമൃതാനന്ദമയീ ഭക്തരെ കാണുന്നത് നിര്‍ത്തിയതെന്നാണ് അമൃതാനന്ദമയീ മഠം അധികൃതര്‍ വ്യക്തമാക്കിയത്.
കൊല്ലം വള്ളിക്കാവിലുള്ള അമൃതാനന്ദമയീ ആശ്രമത്തില്‍ ദിനവും മൂവായിരത്തോളം ഭക്തര്‍ക്കാണ് അമൃതാനന്ദമായീ ദര്‍ശനം നല്‍കാറുള്ളത്. എന്നാല്‍ ഇന്ത്യയില്‍ വിദേശികള്‍ അടക്കം 31 പേര്‍ക്ക് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഭക്തരെ ആലിംഗനം ചെയ്ത് കൊണ്ടുള്ള ദര്‍ശനം ഒഴിവാക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ നിര്‍ദേശം നല്‍കിയത്.
‘കൊവിഡ് 19 വൈറസ് ബാധ പടരുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണത്തെ തുടര്‍ന്ന് മാതാ അമൃതാനന്ദമയീ മഠത്തില്‍ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയതായി വ്യസനസമേതം എല്ലാവരെയും അറിയിക്കുന്നു. വിദേശികളും സ്വദേശികളുമായി നിരവധി ഭക്തരാണ് താമസിക്കുന്ന ആശ്രമം ഇപ്പോള്‍ ആരോഗ്യവകുപ്പിന്റെ നിരന്തര നിരീക്ഷണത്തിലും പരിശോധനയിലുമാണ്.
ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ പൗരന്മാരേയോ വിദേശികളെയോ ആശ്രമത്തില്‍ പ്രവേശിപ്പിക്കാന്‍ സാധിക്കുകയില്ല. പകല്‍ സമയങ്ങളിലുള്ള സന്ദര്‍ശനത്തിനും ആശ്രമത്തില്‍ താമസിക്കുന്നതിനും നിയന്ത്രണം ബാധകമാണ്. വിദേശ പൗരന്മാര് എത്ര കാലം മുമ്പ് ഇന്ത്യയില്‍ എത്തിയതാണെങ്കിലും ഈ നിയന്ത്രണം പാലിക്കേണ്ടതായിട്ടുണ്ട്. ദൈവാനുഗ്രഹം കൊണ്ടും പ്രാര്‍ത്ഥന കൊണ്ടും ഈ സാഹചര്യം വൈകാതെ മാറും എന്നു കരുതാം’ എന്നാണ് അമൃതാനന്ദമയീ മഠത്തിന്റെ ഔദ്യോഗിക വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ച കുറുപ്പില്‍ അധികൃതര്‍ പറയുന്നത്.
Discussion about this post