തിരുവനന്തപുരം: ജനങ്ങളെ ബുദ്ധിമുട്ടിച്ച് കെഎസ്ആർടിസി ജീവനക്കാർ നടത്തിയ മിന്നൽ പണിമുടക്കിനോട് രക്ഷമായി പ്രതികരിച്ച് ഗതാഗതമന്ത്രി എകെ ശശീന്ദ്രൻ. മുന്നറിയിപ്പില്ലാതെ പണിമുടക്കി ഗതാഗത തടസം സൃഷ്ടിച്ച ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു.
ഇത്തരത്തിൽ നടപടി എടുക്കേണ്ട 21 പേരുടെ പട്ടിക ആർടിഒ കൈമാറിയെന്നും പോലീസ് റിപ്പോർട്ട് ലഭിക്കുന്നതിനനുസരിച്ച് കൂടുതൽ പേർക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രി തിരുവനന്തപുരത്ത് അറിയിച്ചു. സംഭവത്തിൽ കണ്ടക്ടർമാർക്കും പങ്കുണ്ടെന്ന് ബോധ്യപ്പെട്ടാൽ നടപടിയുണ്ടാകും. എസ്മയോട് അനുകൂല നിലപാടല്ല സർക്കാറിന്. മുഖ്യമന്ത്രിയുമായി ആലോചിച്ച ശേഷം കൂടുതൽ നടപടിയെടുക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.
മിന്നൽ പണിമുടക്ക് സർക്കാറിന്റെ നയമല്ല, ഇന്നത്തെ നിലയിൽ ശരിയായ ഒരു സമര രൂപവുമല്ല. പണിമുടക്കാൻ തൊഴിലാളിക്ക് അവകാശമുണ്ട്, ബസ് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ഏൽപ്പിച്ച് സമരത്തിൽ പങ്കെടുക്കാം. അത് സ്തംഭനം പോലെ ആയതിനാലാണ് ജനങ്ങൾക്ക് യാത്രാ ദുരിതമുണ്ടായത്. അതിന്റെ ഫലമായി ദൗർഭാഗ്യവശാൽ ഒരു മരണവും ഉണ്ടായെന്നും ഈ സാഹചര്യം ഗൗരവമേറിയതാണെന്ന് മനസിലാക്കിയാണ് സർക്കാർ നടപടിയെന്നും മന്ത്രി വ്യക്തമാക്കി.
Discussion about this post