കണ്ണൂർ: ടിക്കറ്റ് അടിച്ചുമാറ്റി മൺസൂൺ ബംബർ ഒന്നാം സമ്മാനം വാങ്ങിയെടുക്കാൻ മറ്റൊരാൾ ശ്രമിച്ചെന്ന് കാണിച്ച് കോഴിക്കോട് സ്വദേശി നൽകിയ പരാതി വ്യാജമെന്ന് തെളിഞ്ഞു. മുനിയൻ എന്ന ടാക്സി ഡ്രൈവർ നൽകിയ പരാതി വ്യാജമാണെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഇയളെ അറസ്റ്റ് ചെയ്തു. മൺസൂൺ ബംബറിന്റെ ഒന്നാം സമ്മാനമായ അഞ്ച് കോടി സമ്മാനാർഹമായ ടിക്കറ്റ് കണ്ണൂർ പറശ്ശിനിക്കടവ് സ്വദേശി അജിതന്റേത് തന്നെയാണ് എന്നാണ് ഇതോടെ തെളിഞ്ഞിരിക്കുന്നത്. ടിക്കറ്റിൽ കൃത്രിമം കാട്ടിയില്ലെന്ന് ഫോറൻസിക് പരിശോധനയിൽ തെളിയുകയായിരുന്നു.
ജൂലൈ പതിനെട്ടിനായിരുന്നു മൺസൂൺ ബംബർ നറുക്കെടുപ്പ്. ഇരുപത്തിരണ്ടിനാണ് അജിതൻ തന്റെ പേരും വിലാസവുമെഴുതിയ ടിക്കറ്റ് പുതിയതെരു കാനറാ ബാങ്കിൽ ഹാജരാക്കിയത്. സമ്മാനത്തുക അജിതന്റെ അക്കൗണ്ടിലെത്താനുള്ള നടപടിക്രമങ്ങളം പൂർത്തിയായി. എന്നാൽ ഇതിനിടെ, സമ്മാനാർഹമായ ടിക്കറ്റിന്റെ യഥാർത്ഥ ഉടമ താനാണെന്നും പറശ്ശിനിക്കടവ് ക്ഷേത്രത്തിൽ വച്ച് ടിക്കറ്റ് വച്ച പഴ്സ് കളവ് പോയതാണെന്നും കാട്ടി കോഴിക്കോട് സ്വദേശി മുനിയൻ തളിപ്പറമ്പ് പോലീസിൽ പരാതി നൽകുകയായിരുന്നു. ഇതോടെ ശാസ്ത്രീയ പരിശോധനകൾ അടക്കം നടത്തിയാണ് പോലീസ് പരാി വ്യാജമാണെന്ന് തെളിയിച്ചിരിക്കുന്നത്.
Discussion about this post