കോട്ടയം: പ്രശസ്തമായ തിരുനക്കര മഹാദേവ ക്ഷേത്രത്തിൽ കവർച്ച. കാണിക്കവഞ്ചികൾ കുത്തിത്തുറന്നാണ് കവർച്ച നടത്തിയത്. ഗോപുര നടയിലേയും ശാസ്ത നടയിലേയും കൊടി മരച്ചുവട്ടിലേയും കാണിക്കവഞ്ചികളുൾപ്പെടെ അഞ്ച് കാണിക്കവഞ്ചികളാണ് കുത്തിത്തുറന്നത്. സെക്യൂരിറ്റി ജീവനക്കാരന്റ മുറി പുറത്തുനിന്നും പൂട്ടിയിട്ടാണ് കവർച്ച നടത്തിയത്. കവർച്ചയ്ക്കെത്തിയ ആളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
കൊടിമരച്ചുവട്ടിലെ കാണിക്കവഞ്ചി പൂർണ്ണമായും തുറക്കാൻ സാധിക്കാത്തതിനാൽ പണം നഷ്ടമായില്ല. കവർച്ചയ്ക്ക് പിന്നിൽ ഇതരസംസ്ഥാന തൊഴിലാളിയാണെന്ന് സംശയിക്കുന്നു. വടക്കേനട ഗോപുരത്തിന് സമീപത്തു ഗാർഡ് റൂമിനടുത്ത് മതിൽ ചാടിക്കടന്നാണ് കള്ളൻ അകത്ത് കയറിയെന്നാണ് പ്രാഥമിക നിഗമനം.
എസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും വിരലടയാള വിദഗ്ധരും ക്ഷേത്രത്തിലെത്തി പരിശോധന ആരംഭിച്ചു.
Discussion about this post