തിരുവനന്തപുരം: സഖാവ് അഷ്റഫ് രക്തസാക്ഷിയായി 46 വര്‍ഷം തികയുന്ന നാളില്‍ ഹൃദയ സ്പര്‍ശിയായ ഓര്‍മ്മ പങ്കുവെച്ച് മന്ത്രി എകെ ബാലന്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഓര്‍മ്മ പങ്കുവെച്ചത്. നുറുങ്ങുന്ന ഓര്‍മ്മയാണ് അഷ്റഫിന്റെ രക്തസാക്ഷിത്വം. എന്റെ ജീവന് രക്ഷിക്കാന്‍ അഷ്റഫ് നടത്തിയ ആത്മസമര്‍പ്പണം ഓര്‍ക്കാത്ത ദിവസങ്ങളില്ലെന്ന് മന്ത്രി കുറിച്ചു.
തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ എസ്എഫ്ഐ ആദ്യമായി കോളേജ് യൂണിയന് തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റുകളിലും ജയിച്ച ഘട്ടമായിരുന്നു. കേരളത്തിലെ പ്രധാനപ്പെട്ട നാല് കോളേജുകളില്‍ എസ്എഫ്ഐ ആദ്യമായി ജയിച്ച ഘട്ടം. കോളേജ് യൂണിയന് ചെയര്‍മാനെന്ന നിലയില്‍ ഒരു ദിവസം പോലും ബ്രണ്ണന്‍ കോളേജില്‍ ഇരിക്കാന്‍ അനുവദിക്കില്ലെന്ന് ആക്രോശിച്ച് കെഎസ്യുവും എബിവിപിയും ഭീഷണി മുഴക്കിയിരുന്നുവെന്നും മന്ത്രി കുറിച്ചു. എന്തും സംഭവിച്ചേക്കാമെന്ന് ഓരോ ദിവസവും പ്രതീക്ഷിക്കുന്ന കാലമായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
ശേഷം കോളേജില്‍ അക്കാദമിക് രംഗത്തും സ്പോര്‍ട്സ്, കലാ രംഗങ്ങളിലുമുള്ള നിരവധി വിദ്യാര്‍ത്ഥികള്‍ എസ്എഫ്ഐയിലേക്കു ആകര്‍ഷിക്കപ്പെട്ടു. അതുവരെ കെഎസ്യുവില് അണിനിരന്ന വിദ്യാര്‍ത്ഥികളായിരുന്നു അവര്‍. കോളേജില്‍ ബാസ്കറ്റ്ബാള്‍ ടീം ക്യാപ്റ്റന്‍ എന്ന നിലയിലും യൂണിവേഴ്സിറ്റി ബാസ്കറ്റ്ബാള്‍ താരമെന്ന നിലയിലും അഷറഫ് ക്യാമ്പസില്‍ നിറഞ്ഞുനിന്നു. സുന്ദരമായ മുഖവും ആകര്‍ഷകമായ വ്യക്തിത്വവും അഷ്റഫിന്റെ സവിശേഷതയായിരുന്നുവെന്ന് എകെ ബാലന് പറയുന്നു. മുബാറക് ഹൈസ്കൂളില്‍ പഠിക്കുന്ന കാലത്ത് അഷ്റഫ് എംഎസ്എഫ് അനുഭാവിയായിരുന്നുവെന്നും മന്ത്രി പറയുന്നു.
അഷ്റഫ് ബ്രണ്ണന്‍ കോളേജില്‍ പ്രീഡിഗ്രിക്ക് ചേര്‍ന്ന ശേഷമാണ് എസ്എഫ്ഐ പ്രവര്‍ത്തകനാകുന്നത്. ക്ലാസില്‍ പ്രസംഗിക്കുന്ന ഘട്ടത്തിലാണ് അഷ്റഫിനെ ആദ്യമായി ശ്രദ്ധിച്ചത്. പിന്നീട് ഞങ്ങള്‍ തമ്മിലുള്ള ബന്ധം ആത്മബന്ധമായി മാറിയെന്നും താന്‍ താമസിച്ച ഹോസ്റ്റലിലെ നിത്യ സന്ദര്‍ശകനായിരുന്നു അഷ്റഫെന്നും മന്ത്രി പറയുന്നു. എല്ലാ തരത്തിലും ധീരനായിരുന്നു സഖാവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
സഖാവ് അഷ്റഫ് രക്തസാക്ഷിയായി 46 വര്‍ഷം തികയുകയാണ്. നുറുങ്ങുന്ന ഓര്‍മയാണ് അഷ്റഫിന്റെ രക്തസാക്ഷിത്വം. എന്റെ ജീവന് രക്ഷിക്കാന്‍ അഷ്റഫ് നടത്തിയ ആത്മസമര്‍പ്പണം ഓര്‍ക്കാത്ത ദിവസങ്ങളില്ല.
തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ എസ്.എഫ്.ഐ ആദ്യമായി കോളേജ് യൂണിയന് തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റുകളിലും ജയിച്ച ഘട്ടമായിരുന്നു. കേരളത്തിലെ പ്രധാനപ്പെട്ട നാല് കോളേജുകളില്‍ എസ്.എഫ്.ഐ ആദ്യമായി ജയിച്ച ഘട്ടം. കോളേജ് യൂണിയന് ചെയര്‍മാനെന്ന നിലയില്‍ ഒരു ദിവസം പോലും ബ്രണ്ണന്‍ കോളേജില്‍ ഇരിക്കാന്‍ അനുവദിക്കില്ലെന്ന് ആക്രോശിച്ച് കെ.എസ്.യുവും എ.ബി.വി.പിയും ഭീഷണി മുഴക്കി. എന്തും സംഭവിച്ചേക്കാമെന്ന് ഓരോ ദിവസവും പ്രതീക്ഷിക്കുന്ന കാലമായിരുന്നു. കോളേജ് യൂണിയന് ഉദ്ഘാടനം ചെയ്യാന്‍ ഇ.എം.എസിനെ ക്ഷണിക്കാന്‍ തീരുമാനിച്ചു.
കോളേജില്‍ അക്കാദമിക് രംഗത്തും സ്പോര്‍ട്സ്, കലാ രംഗങ്ങളിലുമുള്ള നിരവധി വിദ്യാര്‍ത്ഥികള്‍ എസ്.എഫ്.ഐയിലേക്കു ആകര്‍ഷിക്കപ്പെട്ടു. അതുവരെ കെ.എസ്.യുവില്‍ അണിനിരന്ന വിദ്യാര്‍ത്ഥികളായിരുന്നു അവര്‍. കോളേജില്‍ ബാസ്കറ്റ്ബാള്‍ ടീം ക്യാപ്റ്റന്‍ എന്ന നിലയിലും യൂണിവേഴ്സിറ്റി ബാസ്കറ്റ്ബാള്‍ താരമെന്ന നിലയിലും അഷറഫ് ക്യാമ്പസില്‍ നിറഞ്ഞുനിന്നു. സുന്ദരമായ മുഖവും ആകര്‍ഷകമായ വ്യക്തിത്വവും അഷ്റഫിന്റെ സവിശേഷതയായിരുന്നു. മുബാറക് ഹൈസ്കൂളില്‍ പഠിക്കുന്ന കാലത്ത് അഷ്റഫ് എം.എസ്.എഫ് അനുഭാവിയായിരുന്നു.
അഷ്റഫ് ബ്രണ്ണന്‍ കോളേജില്‍ പ്രീഡിഗ്രിക്ക് ചേര്‍ന്ന ശേഷമാണ് എസ്എഫ്ഐ പ്രവര്‍ത്തകനാകുന്നത്. ക്ലാസില്‍ പ്രസംഗിക്കുന്ന ഘട്ടത്തിലാണ് അഷ്റഫിനെ ആദ്യമായി ശ്രദ്ധിച്ചത്. പിന്നീട് ഞങ്ങള്‍ തമ്മിലുള്ള ബന്ധം ആത്മബന്ധമായി മാറി. ഞാന്‍ താമസിച്ച ഹോസ്റ്റലിലെ നിത്യ സന്ദര്‍ശകനായിരുന്നു അഷ്റഫ്. എസ്.എഫ്.ഐയുടെ സംഘാടകനെന്ന നിലയില്‍ നിരവധി കുട്ടികളെ എസ്.എഫ്.ഐയിലേക്കു ആകര്‍ഷിക്കാന്‍ അഷ്റഫിന് കഴിഞ്ഞു. എല്ലാ തരത്തിലും ധീരനായിരുന്നു സഖാവ്.
1973 ഡിസംബര്‍ 3 ന് കോളേജിലെ രണ്ടു കെട്ടിടങ്ങള്‍ക്കിടയിലുള്ള പൊതുവഴിയില്‍ വെച്ച് ഒരു കൂട്ടം കെ.എസ്.യുക്കാര്‍ വിസിലടിച്ച് മാരകായുധങ്ങളുമായി എന്നെ ആക്രമിച്ചു. ഈ ഘട്ടത്തിലാണ് തലശ്ശേരിയില്‍ നിന്ന് ഓട്ടോറിക്ഷയില്‍ വന്നിറങ്ങിയ അഷ്റഫ് ഇത് കണ്ടത്. നേരെ സംഭവസ്ഥലത്തേക്ക് അഷ്റഫ് വന്നു. അഷ്റഫിനെ തടയാന്‍ അന്ന് ഇംഗ്ലീഷ് പ്രൊഫസ്സറായിരുന്ന റഷീദ് ശ്രമിച്ചു. എന്നാല്‍ അഷ്റഫിനെ തടയാന്‍ കഴിഞ്ഞില്ല. നിവര്‍ത്തിപ്പിടിച്ച കത്തിയുമായി നില്ക്കുന്ന അക്രമികളുടെ മുന്നിലേക്ക് അഷ്റഫ് ചാടിവീഴുന്നതു ഞാനെന്റെ കണ്ണുകൊണ്ട് കണ്ടു. എന്റെ ജീവനെടുക്കാനുള്ള ഉദ്യമത്തെയാണ് അഷ്റഫ് തടഞ്ഞത്. ഒപ്പം കവിയൂര്‍ ബാലന്, കെ ഇ ഗംഗാധരന് വക്കീലിന്റെ സഹോദരന് കെ ഇ ജനാര്ദ്ദനന്, ദാസന് എന്നിവരുമുണ്ടായിരുന്നു.
കെ.എസ്.യു നേതാവ് എന്നെ കുത്താനായി ചാടിവീഴുമ്പോള്‍ എന്നെ ചേര്‍ത്തുപിടിച്ചു രക്ഷിച്ചത് അന്ന് കോളേജിലെ കെ.എസ്.യുവിന്റെ തന്നെ പ്രവര്‍ത്തകനും പിന്നീട് വീക്ഷണം ലേഖകനുമായ എടക്കാട് ലക്ഷ്മണനായിരുന്നു. അടുത്തിടെ അസുഖം ബാധിച്ച ലക്ഷ്മണനെ കാണാന്‍ തലശ്ശേരിയില്‍ ചെന്നപ്പോള്‍ ഇക്കാര്യം വികാരവായ്പോടെ ഞങ്ങള്‍ അനുസ്മരിച്ചു.
ലക്ഷ്മണനുമായുള്ള സൗഹൃദബന്ധം ഇന്നും ഊഷ്മളമായി നിലനില്ക്കുന്നു. യഥാര്‍ത്ഥത്തില്‍ അഷ്റഫിന്റെയും ലക്ഷ്മണന്റെയും ശ്രമം കൊണ്ടാണ് അന്ന് എന്റെ ജീവന് നഷ്ടപ്പെടാതിരുന്നത്. പക്ഷെ ധീരനായ അഷ്റഫിനെ നഷ്ടപ്പെടേണ്ടിവന്നത് ജീവിതകാലം മുഴുവന്‍ വേദനയോടെ ഓര്‍ക്കേണ്ടിവരുന്നു. അന്ന് കൊല നടത്താന്‍ നേതൃത്വം നല്കിയവര് ഇന്ന് കണ്ണൂര്‍ ജില്ലയില്‍ കോണ്‍ഗ്രസ് നേതാക്കളാണ്.
പരിക്കേറ്റ് ദിവസങ്ങളോളം ചികത്സയില്‍ കഴിഞ്ഞ ശേഷം 1974 മാര്‍ച്ച് അഞ്ചിനാണ് അഷ്റഫ് മരിച്ചത്. കോളേജ് യൂണിയന് ഇ.എം.എസ് തന്നെ ഉദ്ഘാടനം ചെയ്തു. ഒരു കുഴപ്പവുമില്ലാതെ കോളേജ് യൂണിയന് ഉദ്ഘാടനം നടത്താനും ഇ.എം.എസിനെ കൊണ്ടുവരാനും നേതൃത്വം നല്‍കിയത് സഖാവ് പിണറായി വിജയനായിരുന്നു. അഷ്റഫ് കൊല ചെയ്യപ്പെട്ട ശേഷമുള്ള ദിവസങ്ങളില്‍ കോളേജില്‍ എന്റെ ജീവന് സംരക്ഷണം നല്കാന് ചിറക്കുനിയിലെ സഖാക്കള്‍ ഉണ്ടായിരുന്നു. അതിനു അദൃശ്യമായൊരു പിന്‍ബലമുണ്ടായിരുന്നു. അഷ്റഫ് സംഭവത്തിന് ശേഷം കോളേജിലെ അന്തരീഷം പാടെ മാറി. പിന്നീട് തുടര്‍ച്ചയായി എസ്.എഫ്.ഐ തന്നെ കോളേജ് യൂണിയന് തെരഞ്ഞെടുപ്പില്‍ ജയിച്ചു. മറ്റു സംഘടനകള്‍ മേല്‍വിലാസത്തിനു പോലും ഇല്ലാതായി.
മറ്റൊരു ഘട്ടത്തില്‍ ആക്രമണത്തില്‍ തലയ്ക്കു മാരകമായി പരിക്കേറ്റ എന്നെ ആശുപത്രിയില്‍ എത്തിച്ചതും ഡോക്ടര്‍മാര്‍ക്ക് തുന്നിക്കെട്ടാനായി എന്റെ തല പിടിച്ചുകൊടുത്തതും സഖാവ് പിണറായി ആയിരുന്നു. ഇന്ന് പിണറായി മന്ത്രിസഭയില്‍ മന്ത്രിയായിരിക്കാന്‍ കഴിയുന്നത് അഭിമാനകരമായ രാഷ്ട്രീയ നിയോഗമായി കരുതുന്നു.
Discussion about this post