തിരുവനന്തപുരം: സംസ്ഥാന ബിജെപിയുടെ ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു. ഇടഞ്ഞ് നില്ക്കുന്ന എഎന്‍ രാധാകൃഷ്ണനെയും ശോഭ സുരേന്ദ്രനേയും എംടി രമേശിനേയും ഉള്‍പ്പെടുത്തിയാണ് പുതിയ പട്ടിക. 10 വൈസ് പ്രസിഡന്റുമാരും നാല് ജനറല്‍ സെക്രട്ടറിമാരുമാണ് പട്ടികയിലുള്ളത്.
കെ സുരേന്ദ്രന് കീഴില്‍ സംഘടനാ പദവികള്‍ ഏറ്റെടുക്കില്ലെന്ന നിലപാടില്‍ ഉറച്ച് നില്ക്കുന്ന എഎന്‍ രാധാകൃഷ്ണും ശോഭ സുരേന്ദ്രനും ജനറല്‍ സെക്രട്ടറി പദവിയില്‍ നിന്ന് മാറി പുതിയ പട്ടികയില്‍ വൈസ് പ്രസിഡന്റുമാരായി. കെഎസ് രാധാകൃഷ്ണന്, സദാനന്ദന് മാസ്റ്റര്‍, ജെ പ്രമീളാദേവി, ജി രാമന് നായര്‍, എംഎസ് സമ്പൂര്‍ണ്ണ, വിടി രമ, വിവി രാജന് എന്നിവരാണ് മറ്റു വൈസ്.പ്രസിഡന്റുമാര്‍. എപി അബ്ദുള്ളക്കുട്ടി വൈസ് പ്രസിഡന്റ് സ്ഥാനത്ത് തുടരും.
എംടി രമേശ് ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തന്നെ തുടരും. ജോര്‍ജ്ജ് കുരിയന്‍, സി കൃഷ്ണകുമാര്‍, അഡ്വ പി സുധീര്‍ എന്നിവരാണ് മറ്റ് ജനറല്‍ സെക്രട്ടറിമാര്‍. ജെആര്‍ പദ്മകുമാറാണ് ട്രഷറര്‍ എംഎസ് കുമാര്‍, ബി ഗോപാലകൃഷ്ണന്, സന്ദീപ് വാര്യര്‍ എന്നിവരാണ് പാര്‍ട്ടി വക്താക്കള്‍. ഭാരവാഹി പട്ടികയില്‍ മൂന്നിലൊരു ഭാഗവും സ്ത്രീകള്‍ക്കായി മാറ്റിവെച്ചിട്ടുണ്ടെന്നും, മെറിറ്റാണ് മാനദണ്ഡമെന്നും കെ സുരേന്ദ്രന് പറഞ്ഞു.
ഇടഞ്ഞ് നില്‍ക്കുന്നവരെ അനുനയിപ്പിക്കാന്‍ എല്ലാ വിഭാഗങ്ങളേയും ഉള്‍കൊള്ളുന്ന പട്ടികയാണ് കെ സുരേന്ദ്രന് പുറത്തിറക്കിയിരിക്കുന്നത്. കെ സുരേന്ദ്രന് സംസ്ഥാന അധ്യക്ഷ പദവി ഏറ്റെടുത്തതിന് പിന്നാലെ പാര്‍ട്ടിയിലെ വിഭാഗീയത രൂക്ഷമാകുന്നതിനിടെയാണ് ഭാരവാഹി പട്ടിക പ്രഖ്യാപിച്ചിരിക്കുന്നത്.
കെ സുരേന്ദ്രന്റെ കീഴില്‍ ഭാരവാഹി ആകാനില്ലെന്ന നിലപാടിലായിരുന്നു എഎന്‍ രാധാകൃഷ്ണനും ശോഭാ സുരേന്ദ്രനും. അതെസമയം വ്യക്തിപരമായ ഇഷ്ടനാനിഷ്ടങ്ങള്ക്ക് പ്രാധാന്യമില്ലാതെ മെറിറ്റിന്റെ അടിസ്ഥാനത്തിലാണ് പട്ടികയെന്ന് കെ സുരേന്ദ്രന് പറഞ്ഞെങ്കിലും ഭാരാവഹികളില് മുരളീധര പക്ഷത്തിന് വ്യക്തമായ ആധിപത്യമുണ്ട്.
Discussion about this post