തൃശ്ശൂര്‍: നാടക വണ്ടിയുടെ മുകളില്‍ ബോര്‍ഡ് വെച്ചതിന് 24000 രൂപ പിഴയിട്ട മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടിയ്ക്കെതിരെ പ്രതികരിച്ച് നടന് ഹരീഷ് പേരടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. പിഴയിട്ട ഉദ്യോഗസ്ഥയെ സത്യസന്ധമായി നിയമം നടപ്പാക്കുന്ന നായികയാക്കി ഒരു സിനിമയെടുക്കാം എന്നാണ് അദ്ദേഹം പരിഹാസരൂപേണ ഫേസ്ബുക്കില്‍ കുറിച്ചത്. നാടകവണ്ടിയുടെ ബോര്‍ഡ് വീണ് ആയിരക്കണക്കിന് ആളുകള്‍ മരിച്ച നാടല്ലെ കേരളം എന്നും അദ്ദേഹം ചോദിക്കുന്നുണ്ട്. ആയിരക്കണക്കിന് നാടക കലാകാരന്മാര് കേരളം മുഴുവന്‍ നാടക ബോര്‍ഡുവെച്ച് തലങ്ങും വിലങ്ങും ഓടിയിട്ടാണ് ഇന്ന് നിങ്ങള്‍ കാണുന്ന കേരളമുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്,
നമുക്ക് ഈ സഹോദരിയെ കഥാപാത്രമാക്കി സത്യസന്ധമായി നിയമം നടപ്പാക്കുന്ന നായികയാക്കി ഒരു സിനിമയെടുക്കാം.ഏതെങ്കിലും സൂപ്പര്‍ നായികമാരെ കൊണ്ട് അഭിനയിപ്പിക്കാം.എന്നിട്ട് ഇവര്‍ക്ക് കേരളം മുഴുവന്‍ സ്വീകരണം കൊടുക്കാം.കാരണം നാടകവണ്ടിയുടെ ബോര്‍ഡ് വീണ് ആയിരകണക്കിന് ആളുകള്‍ മരിച്ച നാടല്ലെ കേരളം.അതിനാല്‍ ഇതിന്റെ വീഡിയോയില്‍ കാണുന്ന നിസ്സഹായരായ നാടകക്കാരെ വില്ലന്മാരാക്കി സമൂഹ മാദ്ധ്യമങ്ങളിലൂടെ തെറി പറയാം.പ്രിയപ്പെട്ട സഹോദരി ഇങ്ങിനെ ആയിരകണക്കിന് നാടക കലാകാരന്മാര് കേരളം മുഴുവന്‍ നാടകബോര്‍ഡുവെച്ച് തലങ്ങും വിലങ്ങും ഓടിയിട്ടാണ് ഇന്ന് നിങ്ങള്‍ കാണുന്ന കേരളമുണ്ടായത്.ഒരു നാടകം കളിച്ചാല്‍ 500 രൂപ തികച്ച് കിട്ടാത്ത നാടക കലാകാരന്മാരും 5000 രൂപ പോലും ബാക്കിയുണ്ടാവാത്ത നാടകസമതിയുടെ നടത്തിപ്പുകാരനും 24000/- രൂപ കൊടുത്ത തെരുവില്‍ അപമാനിക്കപ്പെടുമ്പോള്‍ നമ്മള് ഇത്രനാളായി ഉണ്ടാക്കിയെടുത്ത സാംസ്കാരിക കേരളമാണ് ലോകത്തിന്റെ മുന്നില്‍ നാണം കെടുന്നത്.വിഡിയോ എടുത്ത ആ സഹോദരന്റെ ഡയലോഗ് ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുന്നു.’ഇതിനെതിരെ പ്രതികരിച്ചില്ലെങ്കില്‍ നമ്മളെന്തിനാണ് ഈ പണിയുമായി നടക്കുന്നത് ?’
Discussion about this post