കൊട്ടാരക്കര: കേരളക്കരയുടെ നോവാവുകയാണ് ശിവജിത്ത്. ആഗ്രഹിച്ചത് പോലെ തന്നെ വാങ്ങി നല്‍കിയ കളിപ്പാട്ടം കൊണ്ട് കളിച്ച് കൊതിതീരും മുന്‍പേയാണ് ശിവജിത്തിന്റെ വിധി കവര്‍ന്നെടുത്തത്. മകന്റെ മൃതദേഹത്തോട് കളിപ്പാട്ടം ചേര്‍ത്തുവെച്ച് വിങ്ങിപ്പൊട്ടിയത് കൂടിനിന്നവരുടെയും കണ്ണുകളെ ഈറനണിയിച്ചു. അവന്‍ ആവശ്യപ്പെട്ടത് അനുസരിച്ച് ദിവസങ്ങള്‍ക്കു മുന്‍പാണ് അച്ഛന്‍ മണിക്കുട്ടന്‍ ഒരു മണ്ണുമാന്തി കളിപ്പാട്ടം വാങ്ങി നല്‍കിയത്.
പക്ഷേ കളിച്ചു കൊതി തീരും മുന്‍പേ ശിവജിത്ത് പാമ്പ് കടിയേറ്റ് മരണപ്പെടുകയായിരുന്നു. ഇന്നലെ സംസ്‌കാരത്തിനു മുന്‍പ് പുതുമ മാറാത്ത ഈ കളിപ്പാട്ടം അച്ഛന്‍ ശിവജിത്തിന്റെ നെഞ്ചോട് ചേര്‍ത്തുവച്ച് വിങ്ങിപ്പൊട്ടി കരയുകയായിരുന്നു. മണ്‍കട്ട കെട്ടി തകരവും പ്ലാസ്റ്റിക് ഷീറ്റും മേഞ്ഞ ഒറ്റമുറി കൂരയാണ് ഇവരുടെ വീട്, ശിവജിത്തിന്റെ അച്ഛന്‍ കൂലിപ്പണിക്കാരനാണ്.
സിമന്റ് കട്ട അടുക്കി മരപ്പലക അടിച്ച ഒരു ചെറിയ മുറിയും ചേര്‍ന്നുണ്ട്. കഷ്ടിച്ചു നിവര്‍ന്നു നില്‍ക്കാവുന്ന ഉയരമേ വീടിനുള്ളൂ. ഏതു വഴി വേണമെങ്കിലും ഇഴജന്തുക്കള്‍ക്ക് അകത്തു കയറാം. ഉള്ളിലെ കട്ടിലില്‍ അച്ഛനും അമ്മയ്ക്കും ഒപ്പമാണ് ശിവജിത്ത് ഉറങ്ങിയിരുന്നത്. സഹോദരി ശിവഗംഗ തൊട്ടടുത്ത കുടുംബവീട്ടില്‍ അപ്പൂപ്പനും അമ്മൂമ്മയ്ക്കും ഒപ്പവുമാണ് നില്‍ക്കുന്നത്. രാവിലെ ഉറക്കമുണര്‍ന്നപ്പോഴാണ് ശിവജിത്ത് കാലിലെന്തോ കടിച്ചെന്നും വേദനിക്കുന്നുവെന്നും പറഞ്ഞത്. റോഡില്‍ നിന്നു അല്‍പം ഉള്ളിലാണ് വീടെന്നതിനാല്‍ അച്ഛന്‍ മണിക്കുട്ടന്‍ മകനെയും കൂട്ടി നടന്നാണ് റോഡിലെത്തിയത്. പോകും വഴി അയല്‍പക്കത്തെ ഗൃഹനാഥയെ ശിവജിത്ത് കാല് കാണിക്കുകയും തേള്‍ കുത്തിയതാണെന്നു പറയുകയും ചെയ്തു.
റോഡിലെത്തി ഓട്ടോറിക്ഷ പിടിച്ച് ഇവര്‍ ആദ്യം പോയത് വിഷവൈദ്യയായ ഒരു സ്ത്രീയുടെ വീട്ടിലേക്കാണ്. കുട്ടിക്കു കുരുമുളക് ചവയ്ക്കാന്‍ നല്‍കിയ സ്ത്രീ പരിശോധനയ്ക്കു ശേഷം കുഴപ്പമില്ലെന്നു പറഞ്ഞതായി മണിക്കുട്ടന്‍ പറഞ്ഞു. പക്ഷേ കുട്ടി ഛര്‍ദിക്കുകയും കുഴഞ്ഞുവീഴാന്‍ തുടങ്ങുകയും ചെയ്തതോടെയാണ് പുത്തൂരിലും പിന്നീട് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചത്. ആശുപത്രിയിലെ പരിശോധനയിലാണ് പാമ്പ് കടിച്ചതാണെന്നു സ്ഥിരീകരിച്ചത്. എന്നാല്‍ അപ്പോഴേയ്ക്കും കുട്ടി മരണപ്പെട്ടിരുന്നു.
Discussion about this post