ഫഖ്റുദ്ധീന്‍ പന്താവൂര്‍
കണ്ണൂര്‍: ജീവിതത്തെ പൊരുതി തോല്പിച്ച രഹ്നാസിനെ തേടി സര്‍ക്കാറിന്റെ വനിതാരത്ന പുരസ്കാരം. കുട്ടിക്കാലം മുതല്‍ക്കെ ജീവിതത്തില്‍ നേരിട്ട ദുരനുഭവങ്ങളെ തുടര്‍ന്ന് സ്വന്തം വീടും നാടും ഉപേക്ഷിക്കേണ്ടി വന്നവളാണ് തലശ്ശേരി സ്വദേശിനിയായ പിവി രഹ്നാസ്. ഇപ്പോള്‍ ഈ വര്‍ഷത്തെ വനിതാരത്ന അവാര്‍ഡ് കൂടി ലഭിച്ചതിന്റെ പതിന്മടങ്ങ് സന്തോഷത്തിലാണ് രഹ്നാസ്. പ്രതികൂല സാഹചര്യങ്ങളില്‍ തളരാതെ നിര്‍ഭയ ഹോമില്‍ താമസിച്ച് നിയമ ബിരുദം നേടി നിലവില്‍ കുടുംബത്തിന് താങ്ങായി ജോലി ചെയ്ത് ജീവിക്കുന്നവളാണ് രഹ്നാസ്. ഈ പുരസ്കാരം രഹനാസിന് വലിയൊരു അംഗീകാരം കൂടിയാണ്.
ജീവിതത്തിലെ പ്രതിസന്ധികളെ തരണം ചെയ്ത് ജീവിത വിജയം നേടിയ രഹ്നാസിന് വയസ് 26 ആണ്. ഉമ്മയും രണ്ടനിയത്തിമാരും ഒരു അനിയനുമാണ് രഹ്നാസിന് ഉള്ളത്. പ്ലസ്ടു കഴിഞ്ഞ് എല്‍എല്‍ബി പൂര്‍ത്തിയാക്കിയ രഹ്നാസ് രണ്ടുവര്‍ഷം മുന്‍പാണ് ഹൈക്കോടതിയില്‍ അഭിഭാഷകയായി എന്റോള്‍ ചെയ്തത്. ഇപ്പോള്‍ സിവില്‍ സര്‍വീസിന് ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. രഹ്നാസ് ജനിച്ചത് ഉമ്മയുടെ നാടായ തലശ്ശേരിയിലാണ്. പിന്നീട് കണ്ണൂരിലെ ഇരിക്കൂറിലേക്കു വന്നു. അവിടെ വലിയൊരു തറവാട്ടിലായിരുന്നു താമസം. കുടുംബക്കാരുമായി വഴക്കായിരുന്നു പിതാവ്. മൈക്ക് അനൗണ്‍സ്മെന്റായിരുന്നു ജോലി. പിന്നീട് അതിനു നിയന്ത്രണം വന്നപ്പോള്‍ സീസണില്‍ മാത്രമായി പണി.
ഉമ്മയ്ക്ക് വിദ്യാഭ്യാസമില്ല. ഭര്‍ത്താവിന്റെ തല്ലുകൊണ്ട് ചുരുണ്ടുകൂടി കിടക്കും, അത്ര തന്നെ. വഴക്കുണ്ടാക്കാനും തല്ലാനും അയാള്‍ ഓരോ കാരണങ്ങള്‍ ഉണ്ടാക്കിക്കൊണ്ടേയിരിക്കുമായിരുന്നു. രഹ്നാസ് പ്രായപൂര്‍ത്തിയായതിനു ശേഷമായിരുന്നു വേറിട്ടൊരു സ്നേഹപ്രകടനം പിതാവില്‍നിന്നും തുടങ്ങിയത്. ‘ഇത് വാപ്പാന്റെ സ്നേഹമല്ല’ എന്ന് ആവര്‍ത്തിച്ചു പറഞ്ഞപ്പോള്‍ ഉമ്മാനോട് സംശയം പറഞ്ഞു. ആദ്യം ഉമ്മയ്ക്ക് ഞെട്ടലായിരുന്നു. അയാള്‍ കുടിക്കാതെ നില്ക്കുന്ന സമയത്ത് ഉമ്മ അതു ചോദിച്ചു. അപ്പോള്‍ മറുപടിയൊന്നും പറഞ്ഞില്ല. അന്നു രാത്രി കുടിച്ചു വന്ന് ആ കാരണവും പറഞ്ഞാണ് ഉമ്മയെ അടിച്ചത്.
ഒരിക്കല്‍ ബലമായി അവളെ കടന്നുപിടിക്കാന്‍ ശ്രമിച്ചപ്പോള്‍ രഹ്നാസ് വീടു വിട്ടോടി. തിരിച്ചു വന്നപ്പോള്‍ അയാള്‍ അവളുടെയും അനിയന്റെയും തലയില്‍ത്തൊട്ട് ഇതൊന്നും ആവര്‍ത്തിക്കില്ലെന്നു സത്യം ചെയ്തു. ഒന്‍പതാം ക്ലാസ്സിന്റെ തുടക്കത്തില്‍ത്തന്നെ രഹനാസ് പഠിപ്പ് നിര്‍ത്തി. വീട്ടില്‍ പട്ടിണിയും കഷ്ടപ്പാടുമാണെന്നു പറഞ്ഞ് പപ്പടം പണിക്ക് പറഞ്ഞു വിട്ടു. പിന്നെ, തുണിക്കടയില്‍, വീടുകളില്‍ അടുക്കളപ്പണിക്ക്… ഒരിടത്തു നിന്നും ശമ്പളം അവളുടെ കൈയില്‍ കിട്ടില്ല. അതു മുന്‍കൂറായി വാങ്ങി കൊണ്ടുപോയിട്ടുണ്ടാകും. പണിയെടുത്ത് തളര്‍ന്ന് വരുന്ന മകളെ കണ്ട് ഉമ്മ പലപ്പോഴും ജോലിക്കു പോകാന്‍ മുതിര്‍ന്നിട്ടുണ്ട്. പക്ഷേ, ഉമ്മയെ അയാള്‍ വീടിനു പുറത്തേക്കിറക്കില്ലായിരുന്നു.
ഉപ്പ രഹ്നാസിനോട് ലൈംഗിക തൊഴിലാളിയാകാന്‍ നിര്‍ബന്ധിച്ചു. ഭയങ്കരമായി വഴക്കിട്ട് വീട്ടില്‍ നിന്നിറങ്ങി നടന്നു, എവിടേക്കെന്നില്ലാതെ. വീണ്ടും അയാള്‍ ക്ഷമ പറഞ്ഞു. ഒരു ദിവസം രഹനാസ് ജോലി ചെയ്യുന്ന തയ്യല്‍ക്കടയിലേക്ക് അയാളുടെ ഫോണ്‍ വന്നു. ‘ഒരു കാസറ്റ് റിക്കോര്‍ഡിങ്ങിന് കണ്ണൂര്‍ പോണം’ എന്നു പറഞ്ഞ്. പെട്ടെന്നു തയാറായി ഇരിക്കൂര്‍ പാലത്തിന്റെയരികില്‍ കാത്തു നിന്നു. അയാളും വേറൊരാളും കൂടി വന്ന് കാറില്‍ കയറ്റിക്കൊണ്ടുപോയി.
അന്നയാള്‍ ആദ്യമായി മകളെ മറ്റൊരാള്‍ക്കു വിറ്റു. പണത്തിന് വേണ്ടിയായിരുന്നു അത്. രഹനാസിന്റെ എതിര്‍പ്പുകളൊന്നും ഫലം കണ്ടില്ല. പിന്നീടും അവളെ ഓരോയിടങ്ങളിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നത് ആവര്‍ത്തിച്ചു. അതു കൂടാതെ അയാളുടെ ലൈംഗിക ആവശ്യങ്ങള്‍ക്കും മകളെ ഉപയോഗപ്പെടുത്തി തുടങ്ങി. കരഞ്ഞ് ബഹളം വയ്ക്കാനല്ലാതെ രഹ്നാസിനും ഉമ്മയ്ക്കും ഒന്നിനും സാധിച്ചില്ല. അനിയനെയും അയാള്‍ ഉപദ്രവിക്കാന്‍ തുടങ്ങിയതോടെ തനിച്ച് രക്ഷപ്പെടാനുള്ള മാര്‍ഗം ഉപേക്ഷിച്ചു. അയല്‍വാസികളെ ഉപ്പ ഭീഷണിപ്പെടുത്തി നിശബ്ദരാക്കി. ഒരിക്കല്‍ മംഗലാപുരത്തുകൊണ്ടുപോയി മകളെ പലര്‍ക്കും കാഴ്ചവെച്ചു. നാലുദിവസം കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ അയല്‍ക്കാര്‍ ഇടപെട്ടു. സാമൂഹ്യ പ്രവര്ത്തകരൊക്കെയെത്തി.
അന്നു രാത്രി തന്നെ അയാള്‍ക്കെതിരെ പോലീസ് കേസെടുത്തു. അറസ്റ്റും രേഖപ്പെടുത്തി. ആ രാത്രിയില്‍ ഉമ്മയും അടുത്ത വീട്ടിലെ ഉമ്മുമ്മയുമൊത്ത് പോലീസ് സ്റ്റേഷനിലിരിക്കുമ്പോള്‍ രഹ്നാസിന് സമാധാനമാണ് തോന്നിയത്. ആദ്യകാലങ്ങളില്‍ കേസിന്റെ പിന്നാലെ നടന്നപ്പോള്‍ ചെറിയൊരു ആശങ്കയുണ്ടായിരുന്നു ‘ഒറ്റപ്പെട്ടു പോകുമോ?’ എന്ന്. പക്ഷേ, കൂടെയുണ്ടായിരുന്നവരെല്ലാം അവളെ ഹൃദയത്തോടാണ് ചേര്‍ത്തു പിടിച്ചത്.
സംഭവം കേസായതിനുശേഷം രഹ്നാസിനെയും സഹോദരങ്ങളെയും ഉമ്മയെയും തിരുവനന്തപുരത്തേക്കു കൊണ്ടുവന്നു. ഉമ്മയും അനിയനും ഒരിടത്തും, പെണ്‍കുട്ടികള്‍ മറ്റൊരിടത്തും. ഇവിടെയെത്തി പിറ്റേന്നു തന്നെ സ്കൂളില്‍ പോയിത്തുടങ്ങി. ഉമ്മയ്ക്ക് സ്റ്റേ ഹോമില്‍ പാചകജോലി കിട്ടി. പ്ലസ്ടു കഴിഞ്ഞ് രഹ്നാസ് എല്‍എല്‍ബിക്കു ചേര്‍ന്നു. മലയാളം മീഡിയത്തില്‍ നിന്നു വന്നതുകൊണ്ട് ആദ്യ മൊക്കെ നല്ല പ്രയാസമായിരുന്നു. ആദ്യ സെമസ്റ്ററില്‍ അഞ്ചു വിഷയത്തിലാണ് തോറ്റത്. അവസാന സെമസ്റ്ററെത്തിയ പ്പോള്‍ രഹ്നാസ് റാങ്ക് നേടി.
ഹൈക്കോടതിയില്‍ അഭിഭാഷകയായി എന്റോള്‍ ചെയ്യുമ്പോഴും സിവില്‍ സര്‍വീസിന് പോകണമെന്നു തീരുമാനമെടുത്തിരുന്നില്ല ഈ മിടുക്കി. കേസ് സമയത്തു ഡിവൈഎസ്പി ആയിരുന്ന ബാലകൃഷ്ണന് സാറാണ് ആ തീപ്പൊരി അവളുടെയുള്ളിലേക്ക് ഇട്ടു കൊടുത്തത്. ബിജു പ്രഭാകര്‍ ഐഎഎസ് സാമൂഹികനീതി വകുപ്പ് സെക്രട്ടറിയായിരുന്നപ്പോള്‍ കുറച്ചുനാള്‍ രഹ്നാസ് അവിടെ ജോലി ചെയ്തിട്ടുണ്ട്.
ഒരു അനിയത്തിയുടെ കല്യാണം കഴിഞ്ഞു. ഇളയ അനിയത്തി ജേര്‍ണലിസം പഠിക്കുന്നു. യത്തീംഖാനയില്‍ ഉമ്മയ്ക്കു കിട്ടുന്ന ശമ്പളം കൊണ്ടുമാത്രം ചെലവുകള്‍ താങ്ങാതായപ്പോള്‍ അനിയന് പഠിപ്പു നിര്‍ത്തി ജോലിക്കു പോയിത്തുടങ്ങി. ഇപ്പോള്‍ വലിയ സന്തോഷത്തിലാണ് ഈ കുടുംബം. തന്റെ അനുഭവങ്ങള്‍ ലോകത്തോട് പിളിച്ചു പറഞ്ഞ് അവള് വലിയൊരു പ്രചോദനമാണ് ലോകത്തിന് സമ്മാനിച്ചത്.
Discussion about this post