തിരുവന്തപുരം: `കൊവിഡ് 19 ഒന്നാം ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയെങ്കിലും സംസ്ഥാനത്ത് വൈറസ് ഭീതി ഒഴിഞ്ഞുവെന്ന് പറയാനാകില്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ. ജാഗ്രത തുടരുമെന്നും രണ്ടാംഘട്ട നിരീക്ഷണം ആരംഭിച്ചുവെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. നിലവില്‍ വിവിധ ജില്ലകളിലായി 411 പേര് നിരീക്ഷണത്തിലാണ്.
കേരളത്തില്‍ നിലവില്‍ കൊവിഡ് 19 സ്ഥിരീകരിച്ചിട്ടില്ലെങ്കിലും മറ്റുരാജ്യങ്ങളില്‍ വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യം കണക്കിലെടുത്ത് നിരീക്ഷണം കൂടുതല്‍ ശക്തമാക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. വിമാനത്താവളങ്ങളില്‍ പരിശോധന ശക്തമാക്കുമെന്നും മൂന്ന് ഷിഫ്റ്റായി ഉദ്യോഗസ്ഥരെ തിരിച്ച് പരിശോധന നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.
ജനങ്ങളില്‍ ജാഗ്രതയുണ്ടാക്കുന്നതിന് ബോധവത്കരണം ശക്തമാക്കും. അതേസമയം ആറ്റുകള്‍ പൊങ്കാല മാറ്റിവെയ്ക്കേണ്ട സാഹചര്യമില്ലെന്നും ഹൈ റിസ്കില്‍ വരുന്ന ആള്‍ക്കാരെ മാത്രമേ മാറ്റിനിര്ത്തേണ്ടതുള്ളൂവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വൈറസ് സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ അതത് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് കോഴിക്കോട് ഡിഎംഒ അറിയിച്ചു.
നിലവില്‍ വിവിധ ജില്ലകളിലായി 411 പേരാണ് നിരീക്ഷണത്തിലുള്ളതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇവരില്‍ 388 പേര് വീടുകളിലും 12 പേര് ആശുപത്രികളിലുമാണ് കഴിയുന്നത്. സംശയാസ്പദമായവരുടെ 520 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 494 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു
Discussion about this post