കേരളം ഭീകരവാദികളുടെ പരിശീലന കേന്ദ്രമായി മാറി; രാജ്യത്ത് എവിടെ കലാപമുണ്ടായാലും അതിന് പിന്നില്‍ കേരളത്തില്‍ നിന്നുള്ളവരുടെ പങ്കുണ്ട്; മലയാളികളെ ഭീകരവാദികളാക്കി ചിത്രീകരിച്ച് കെ സുരേന്ദ്രന്‍

ന്യൂഡല്‍ഹി: കേരളം ഭീകരവാദികളുടെ പരിശീലന കേന്ദ്രമായി മാറിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. രാജ്യത്ത് എവിടെ കലാപമുണ്ടായാലും അതിന് പിന്നില്‍ കേരളത്തില്‍ നിന്നുള്ളവരുടെ പങ്ക് ഉണ്ടാകുമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയിലെത്തി ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു മലയാളികളെയെല്ലാം ഭീകരവാദികളാക്കി സുരേന്ദ്രന്‍ ചിത്രീകരിച്ചത്.

കേരളത്തിലെ എംപിമാര്‍ പാര്‍ലമെന്റില്‍ വികസന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് പകരം തീവ്രവാദികളെ സഹായിക്കുന്ന നിലപാടാണ് പാര്‍ലമെന്റില്‍ സ്വീകരിക്കുന്നതെന്നും, കേരളത്തില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ ചീറ്റി പോയെന്നും കെ സുരേന്ദ്രന്‍ പരിഹസിച്ചു.

കേരളത്തിലെ ബിജെപിയില്‍ സമഗ്രമായ അഴിച്ചുപണി ഉണ്ടാകും. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുമായി ഇക്കാര്യം സംസാരിച്ചുവെന്നും അദ്ദേഹത്തെ കേരളത്തിലേക്ക് ക്ഷണിച്ചതായും സുരേന്ദ്രന്‍ മാധ്യമങ്ങളെ അറിയിച്ചു.

സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് സുരേന്ദ്രന്‍ എത്തിയതില്‍ പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന് അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. കെ സുരേന്ദ്രനുമായി സഹകരിക്കാന്‍ കഴിയില്ലെന്ന് ചില നേതാക്കള്‍ പരസ്യമായി പറയുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അഴിച്ചുപണി ഉടനുണ്ടാകുമെന്ന പ്രഖ്യാപനം വന്നിരിക്കുന്നത്.

Exit mobile version