കോഴിക്കോട്: കോളേജ് പ്രവേശനവുമായി ബന്ധപ്പെട്ട് വിചിത്ര സര്‍ക്കുലറുമായി കാലിക്കറ്റ് സര്‍വകലാശാല. മദ്യമോ മറ്റ് ലഹരിയോ ഉപയോഗിക്കുന്നവര്‍ക്കും മദ്യപാനികളുടെ മക്കള്‍ക്കും സര്‍വകലാശാലയുടെ കോളജുകളില്‍ പ്രവേശനം നല്‍കില്ല എന്ന സര്‍ക്കുലറാണ് കാലിക്കറ്റ് സര്‍വകലാശാല പുറപ്പെടുവിച്ചത്.
വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അഡ്മിഷന് സമയത്ത് ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നില്ലെന്ന് വ്യക്തമാക്കി സത്യവാങ്മൂലം നല്‍കണം. സത്യവാങ്മൂലം തെറ്റാണെന്ന് കണ്ടെത്തിയാല്‍ മുന്നറിയിപ്പില്ലാതെ നടപടി സ്വീകരിക്കുമെന്നും സര്‍വകലാശാല പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
കാലിക്കറ്റ് സര്‍വകലാശാലയുടെ കീഴില്‍ എയ്ഡഡ്, സ്വാശ്രയ കോളജുകളില്‍ അടക്കം ബിരുദ-ബിരുദാനന്തരം അടക്കം ഒരു കോഴ്സുകളിലും അഡ്മിഷന് ലഭിക്കില്ലെന്നാണ് സര്‍ക്കുലര്‍ പറയുന്നത്. കോളജുകള്‍ക്ക് പുറമെ സര്‍വകലാശാലയുടെ പഠനവിഭാഗങ്ങളിലും ഉത്തരവ് ബാധകമാണ്. അസിസ്റ്റന്റ് രജിസ്ട്രാറാണ് സര്‍ക്കുലറില്‍ ഒപ്പുവെച്ചിരിക്കുന്നത്.
അടുത്ത അധ്യയന വര്‍ഷം മുതല്‍ ഉത്തരവ് ബാധകമാണെന്നും സര്‍ക്കുലറില്‍ പറയുന്നു. സര്‍വകലാശാലയ്ക്ക് കീഴിലുള്ള എല്ലാ കോളജുകളിലേക്കും, സര്‍വകലാശാലയിലെ വിവിധ ഡിപ്പാര്‍ട്ട്മെന്റ് തലവന്മാര്ക്കും ഈ സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്. ഫെബ്രുവരി മൂന്നാം തീയതി ലഹരി വിമുക്ത സമിതിയുടെ യോഗം ചേര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സമിതി ശുപാര്‍ശ അനുസരിച്ചാണ് ഫെബ്രുവരി 27 ന് സര്‍ക്കുലര്‍ സര്‍വകലാശാല ഇറക്കിയിരിക്കുന്നത്.
Discussion about this post