കോഴിക്കോട്: ചൈനയിലെ വുഹാനിൽ നിന്നുള്ള കൊറോണ ബാധിതരുടെ വാർത്തകൾ വായിച്ചപ്പോൾ തന്നെ കേരളത്തിലും അസുഖം ബാധിക്കാനുള്ള സാധ്യതകൾ മുൻകൂട്ടി കണ്ടിരുന്നെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. കേരളത്തിൽ നിന്നും നിരവധി പേർ ചൈനയിൽ പഠിക്കുന്നതായിരുന്നു ഇത്തരത്തിൽ ചിന്തിക്കാൻ കാരണമെന്നും ശൈലജ ടീച്ചർ പറഞ്ഞു.
വൈറസ് ബാധയെ പ്രതിരോധിക്കുന്നതിനുളള നടപടി ആരോഗ്യ വകുപ്പ് സെക്രട്ടറിയുമായി ചർച്ച ചെയ്തെന്നും വൈറസ് ബാധ നേരിടാൻ ആരോഗ്യ വകുപ്പ് ഉണർന്നെണീറ്റു പ്രവർത്തിച്ചെന്നും മന്ത്രി വിശദീകരിച്ചു.
കോഴിക്കോട് അരയിടത്തുപാലത്ത് മൈക്രോ ഹെൽത്ത് ലാബോറട്ടറീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സർക്കാരിനു മാത്രമായി പൂർണമായി ആരോഗ്യപ്രശ്നങ്ങളെല്ലാം പരിഹരിക്കാൻ കഴിയില്ല. സ്വകാര്യ മേഖലയുടെ സഹകരണംകൂടി വേണമെന്നും രോഗങ്ങൾ പെട്ടെന്നു കണ്ടെത്താനും നിയന്ത്രിക്കാനും വേഗതയേറിയ യന്ത്രവത്കൃത ലാബുകൾ ഉപകരിക്കുമെന്നും അവർ വിശദീകരിച്ചു. സംസ്ഥാനത്തെ ആദ്യത്തെ സമ്പൂർണ യന്ത്രവത്കൃത ലബോറട്ടറിയാണ് മൈക്രൊ.
എംകെ രാഘവൻ എംപി മൈക്രൊ ലാബിന്റെ എൻഎബിഎൽ അക്രഡിറ്റേഷൻ പ്രഖ്യാപനം നടത്തി. മേയർ തോട്ടത്തിൽ രവീന്ദ്രൻ, വാർഡ് കൗൺസിലർ എം സലീന, ഡിഎംഒ ഡോ. വി ജയശ്രീ, മൈക്രൊ ഹെൽത്ത് ലബോറട്ടറി എംഡിയും സിഇഒയുമായ സികെ നൗഷാദ്, പി മോഹനൻ മാസ്റ്റർ, കെപി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.
Discussion about this post