അവരോടു ജാതി ചോദിച്ചില്ല, മതം ചോദിച്ചില്ല, പൗരത്വം ചോദിച്ചില്ല; ചോദിച്ചത് ഇത്രമാത്രം, തലചായ്ക്കാൻ ഒരു ഇടമുണ്ടോ? വൈറലായി മുഖ്യമന്ത്രിയുടെ വാക്കുകൾ

തല ചായ്ക്കാൻ ഇടമുണ്ടോയെന്ന് മാത്രമാണ് ചോദിച്ചതെന്നും ഇല്ലെന്ന് പറഞ്ഞവരെ ചേർത്തുപിടിച്ച് സ്വന്തമായി ഒരു വീട് നൽകിയെന്നും

തിരുവനന്തപുരം: കേരളത്തിൽ രണ്ടു ലക്ഷം വീടുകൾ ലൈഫ് മിഷൻ പദ്ധതി പ്രകാരം പൂർത്തിയാക്കിയതിന്റെ സന്തോഷം പങ്കുവെയ്ക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകൾ വൈറലാവുന്നു. ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലൂടെ ലൈഫ് പദ്ധതിയെക്കുറിച്ച് മുഖ്യമന്ത്രി പറയുന്ന വീഡിയോയാണ് സോഷ്യൽമീഡിയ ഏറ്റെടുത്തിരിക്കുന്നത്.

അവരോട് ജാതിയും മതവും പൗരത്വവും ചോദിച്ചില്ല. പകരം തല ചായ്ക്കാൻ ഇടമുണ്ടോയെന്ന് മാത്രമാണ് ചോദിച്ചതെന്നും ഇല്ലെന്ന് പറഞ്ഞവരെ ചേർത്തുപിടിച്ച് സ്വന്തമായി ഒരു വീട് നൽകിയെന്നും വീഡിയോയിൽ മുഖ്യമന്ത്രി പറയുന്നു.

‘അവരോടു ജാതി ചോദിച്ചില്ല, മതം ചോദിച്ചില്ല, പൗരത്വം ചോദിച്ചില്ല, അവരെ കൂടപ്പിറപ്പായി കണ്ടു. ചോദിച്ചത് ഇത്രമാത്രം, തലചായ്ക്കാൻ ഒരു ഇടമുണ്ടോ? ഇല്ലെന്നു പറഞ്ഞവരെ ചേർത്തു പിടിച്ചു. അവർക്കായി കിടക്കാൻ ഒരു ഇടം, ഒരു വീട്’ മുഖ്യമന്ത്രി കുറിച്ചു.

ശനിയാഴ്ച രണ്ട് ലക്ഷം വീട് പൂർത്തിയാകുന്ന വേളയിൽ കരകുളം പഞ്ചായത്തിലെ തറട്ടയിലെ കാവുവിള ചന്ദ്രന്റെ ഗൃഹപ്രവേശന ചടങ്ങിലും മുഖ്യമന്ത്രി പങ്കെടുത്തിരുന്നു.

Exit mobile version