ഫഖ്റുദ്ധീൻ പന്താവൂർ
എടപ്പാള്‍: മുപ്പത്തിമൂന്ന് വയസിനിടയില്‍ പന്ത്രണ്ടു മക്കള്‍ക്കു ജന്മം നല്‍കിയാണ് എടപ്പാള്‍ സ്വദേശിനി ശരീഫ വേറിട്ടൊരു മാതാവായത്. പതിനെട്ടാമത്തെ വയസ്സിലായിരുന്നു ആദ്യമായി ഒരു ആണ് കുഞ്ഞിനു ജന്മം നല്‍കിയത് .2003 ല്‍ ലായിരുന്നു എടപ്പാള്‍ പള്ളിപറമ്പില്‍ ശരീഫ വിവാഹിതയായത്. ഭര്‍ത്താവ് തമിഴ്നാട് തിരുവണ്ണമലൈയാന് സ്വദേശിയും ഹോട്ടല്‍ തൊഴിലാളിയുമായ ഹനീഫ. തുടര്‍ന്നങ്ങോട്ടുള്ള പതിനഞ്ചു വര്‍ഷങ്ങള്‍ക്കിടയില്‍ ഇതുവരെ പ്രസവിച്ചത് പന്ത്രണ്ടു മക്കളെയാണ്.
ശരീഫയുടെ പന്ത്രണ്ടാമത് പ്രസവം കഴിഞ്ഞദിവസം പെരുമ്പിലാവ് അന്‍സാര്‍ ആശുപത്രിയില്‍ വെച്ചായിരുന്നു നടന്നത്. എല്ലാം സാധാരണ പ്രസവമായിരുന്ന ശരീഫയുടെ പന്ത്രണ്ടാമത് പ്രസവമെടുത്തത് ഡോ. നജ്മയായിരുന്നു. ആശുപത്രി അധികൃതര്‍ നല്കിയ ചോദ്യാവലി ഫോറത്തിലെ എത്രാമത്തെ കുട്ടിയാണെന്ന ചോദ്യം പൂരിപ്പിച്ചു നല്‍കിയപ്പോഴാണ് ശരീഫക്കു ജനിച്ച പെണ്‍കുട്ടി പന്ത്രണ്ടാമത്തെയാണെന്ന് ആശുപത്രി അധികൃതര്‍ അറിയുന്നത്.
എട്ട് ആണ്മക്കളും നാലു പെണ്മക്കളുമാണിവര്ക്കിപ്പോള്.എല്‍കെജി മുതല്‍ ഒമ്പതാം ക്ലാസ്സുവരെയുള്ള സുലൈമാന്‍, ആയിഷ, യൂസഫ്, മുഹമ്മദ്, ഇബ്രാഹിം, ഫാത്തിമ്മ, ഇസ്മയില്‍ , ദാവൂദ് എന്നിവരും പഠനത്തിനു പ്രായമാകാത്ത മൂസ, ഹാറൂണ്‍, ഖദീജ, ആമിന എന്നിവരുമാണ് മറ്റു മക്കള്‍.
ഇത്രയും പ്രസവിച്ചതിനുള്ള പ്രചോദനം ഷെരീഫയുടെ മാതാവായ അമ്പത്തിയെട്ടുകാരിയായ സൈനബ തന്നെയാണെന്നു ശരീഫ തുറന്നു പറഞ്ഞു. എല്ലാ കുട്ടികളെയും പ്രസവശേഷം ഏറ്റുവാങ്ങിയതും പന്ത്രണ്ട് പ്രസവത്തിനുള്ള പ്രസവ ശുശ്രൂഷ നല്‍കിയും ശരീഫയുടെ മാതാവായ സൈനബ തന്നെയാണ് നിര്‍വ്വഹിച്ചത്.
പന്ത്രണ്ടു പ്രസവിച്ചിട്ടും ഇനിയും പ്രസവം നിര്‍ത്താതെ ആശുപത്രി വിടുന്ന ശരീഫക്കും കുടുംബത്തിനും ആശുപത്രി അധികൃതര്‍ ഉപഹാരങ്ങള്‍ നല്കി. ദൈവം അനുഗ്രഹിച്ചാല്‍ ആരോഗ്യമുണ്ടെങ്കില്‍ ഇനിയും പ്രസവിക്കുമെന്ന് ശരീഫ ആശുപത്രി അധികൃതരോടു വ്യക്തമാക്കി. അസി. ഡയറക്ടര്‍ പിഎ ഷെഹീദ്, സീനിയര്‍ നഴ്സുമാരായ സൂസന്, ബേബി, ഇക്ബാല്‍, റംഷീദ് എന്നിവര്‍ ദമ്പതികളെ അനുമോദിച്ചു.
Discussion about this post