20 രൂപയ്ക്ക്‌ ഉച്ചയൂണു കൊണ്ട് നന്മ വിളമ്പിയ കുന്നംകുളം സുഭിക്ഷ,സുധിലയെ കൂടി സ്വീകരിച്ചതോടെ പ്രാര്‍ത്ഥിച്ചവരുടെയും ഒപ്പം നിന്നവരുടെയും മനസ്സും നിറഞ്ഞു

കുന്നംകുളം: ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജ് ക്യാംപസില്‍ കൂട്ടുകാരുമൊത്ത് പാട്ടു പാടി, കഥ പറഞ്ഞിരിക്കുന്നതിനിടെയാണ് ദുരന്തം കാണിപ്പയ്യൂര്‍ സ്വദേശി സുരേഷിന്റെ മകള്‍ സുധിലയെ തേടിയെത്തിയത്. മരക്കൊമ്പൊടിഞ്ഞു വീണ് അരയ്ക്കു കീഴെ തളര്‍ന്ന സുധില 4 വര്‍ഷത്തോളമായി വീല്‍ച്ചെയറിന്റെ സഹായത്തോടെയാണ് ചലിക്കുന്നത്. അന്നത്തെ ആ അപകടം ശ്രീകൃഷ്ണ കോളേജിനെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിയിരുന്നു.

2016 ഫെബ്രുവരി 18ന് ഡി സോണ്‍ കലോത്സവത്തിനിടെ സംഭവിച്ച അപകടത്തില്‍ കൂട്ടുകാരിയായ അനുഷയേയും സുധിലയ്ക്ക് നഷ്ടമായി. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ സുധിലയ്ക്കു കാലിനും നട്ടെല്ലിനും ശസ്ത്രക്രിയയും ദീര്‍ഘനാളത്തെ ആശുപത്രി വാസവും വേണ്ടി വന്നു. ചികിത്സയില്‍ കഴിയുകയായിരുന്ന സുധില വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് ഉറ്റതോഴിയുടെ മരണവാര്‍ത്ത അറിയുന്നത്.

ആ വാര്‍ത്ത സുധിലയെ തളര്‍ത്തി. പക്ഷേ സുധിലയ്ക്ക് പുതിയൊരു ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ ശ്രീകൃഷ്ണ കോളേജിലെ പ്രിയസുഹൃത്തുക്കളും അധ്യാപകരും കൂട്ടായി നിന്നു. സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന സുധിലയുടെ കുടുംബത്തിന് വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനായ അച്ഛന്‍ സുരേഷിന്റെ വരുമാനമാണ് ഏക ആശ്രയം.

അമ്മ അനിതയും വിദ്യാര്‍ത്ഥികളായ അനുജത്തി അനിഷയും അനുജന്‍ സുദേവും സുധിലയ്ക്ക് ധൈര്യം പകരുന്നുണ്ട്. സുധിലയ്ക്കും കുടുംബത്തിനും വീട് നിര്‍മ്മിച്ച് നല്‍കുമെന്ന് മന്ത്രി എസി മൊയ്തീനും സുധിലയ്ക്ക് ജോലി നല്‍കുമെന്ന് ഗുരുവായൂര്‍ ദേവസ്വവും ഉറപ്പുനല്‍കിയിരുന്നു.

എങ്കിലും അന്നു സംഭവിച്ച അപകടത്തിന്റെ ഓര്‍മ്മകള്‍ ഇടയ്ക്കിടെ സുധിലയെ ഭയപ്പെടുത്തും. ബിഎ എക്കണോമിക്‌സ് പഠനം പൂര്‍ത്തിയാക്കിയ സുധിലയ്ക്ക് അന്ന് സംഭവിച്ചതിനെക്കുറിച്ചോര്‍ത്ത് ദുഃഖിച്ചിരിക്കാന്‍ ഇന്ന് സമയമില്ല. വിശപ്പുരഹിത പദ്ധതിയുടെ ഭാഗമായി കുന്നംകുളം നഗരസഭയുടെ കീഴില്‍ ആരംഭിച്ച സുഭിക്ഷ കാന്റീനിലെ ജോലിക്കാരിയാണ് ഇന്ന് സുധില.

20 രൂപയ്ക്ക് ഒരുക്കിയ ഉച്ചഭക്ഷണത്തിനായി കാന്റീനിലെത്തുന്നവര്‍ക്ക് സുധിലയാണ് ടോക്കണ്‍ നല്‍കുന്നത്. സ്വന്തമായി ഒരു ജോലി ചെയ്യുന്നതിന്റെ സന്തോഷത്തിലാണ് ഇന്ന് സുധില. സുഭിക്ഷ പദ്ധതിയില്‍ പൊതുപ്രവര്‍ത്തകര്‍ ഇടപെട്ടാണ് സുധിലയ്ക്ക് ജോലി നല്‍കിയത്. വീല്‍ച്ചെയറിന്റെ സഹായത്തോടെ ചലിക്കുന്ന സുധില ഫിസിയോ തെറപ്പിയോടു പ്രതികരിക്കുന്നതിനാല്‍ പരസഹായമില്ലാതെ നടക്കാന്‍ സാധിക്കുമെന്നാണു ഡോക്ടര്‍മാര്‍ പറയുന്നത്.

എങ്കിലും അവശതകളെല്ലാം മറന്ന് ജോലിയില്‍ പ്രവേശിക്കുമ്പോള്‍ സുധിലയ്ക്കൊപ്പം നിന്നവരുടേയും പ്രാര്‍ത്ഥിച്ചവരുടേയും മനസ്സ് നിറയുന്നു. ജീവിതത്തില്‍ പതറിപ്പോയ സന്ദര്‍ഭങ്ങളെയെല്ലാം അതിജീവിച്ച് മനുഷ്യര്‍ ഉയര്‍ത്തെഴുന്നേല്‍ക്കുന്നതിന്റെയും കൈത്താങ്ങായി മാറുന്നതിന്റെയും പേരായി മാറുകയാണ് ഇന്ന് സുധിലയും സുഭിക്ഷയും.

Exit mobile version