കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ കുഞ്ചാക്കോ ബോബന്‍, മുകേഷ്, റിമി ടോമി എന്നിവരെ ബുധനാഴ്ച കോടതി വിസ്തരിക്കും. കേസ് പരിഗണിക്കുന്ന പ്രത്യേക കോടതിയിലാണ് വിസ്താരം നടക്കുക. കഴിഞ്ഞ ദിവസം അവധി അപേക്ഷ നല്‍കാതെ കോടതിയില്‍ ഹാജരാകാതിരുന്ന നടന്‍ കുഞ്ചാക്കോ ബോബനെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
നടിയെ ആക്രമിച്ച കേസില്‍ കഴിഞ്ഞ ദിവസം ഗീതു മോഹന്‍ദാസ്, സംയുക്ത വര്‍മ, ബിന്ദു പണിക്കര്‍ എന്നിവരെ വിസ്തരിക്കാന്‍ കോടതി വിളിച്ചു വരുത്തിയിരുന്നു. എന്നാല്‍ സംയുക്താ വര്‍മ്മയുടെ വിസ്താരം കോടതി ഒഴിവാക്കിയിരുന്നു. ഗീതുവിനോടും സംയുക്തയോടും ഒരേ കാര്യങ്ങള്‍ തന്നെയാണ് ചോദിക്കാനുണ്ടായിരുന്നതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു തീരുമാനം. പിടി തോമസ് എംഎല്‍എ, നിര്‍മ്മാതാവ് ആന്റോ ജോസഫ്, നടന്‍ സിദ്ദിഖ് എന്നിവരുടെയും വിസ്താരം സമയക്കുറവ് മൂലം ഇത് വരെ പൂര്‍ത്തിയായിട്ടില്ല. ഇവരെയും കോടതി വൈകാതെ വിസ്തരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം കേസില്‍ മറ്റൊരു സാക്ഷിയായ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെ വിസ്തരിക്കുന്നതും മാര്‍ച്ച് നാലിലേക്ക് മാറ്റിയിട്ടുണ്ട്. കേസില്‍ ഗൂഢാലോചനയുണ്ടെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് നടന്മാരേയും നടിമാരേയും വിസ്തരിക്കാന്‍ കോടതി തീരുമാനിച്ചത്. ഏപ്രില്‍ ഏഴ് വരെയാണ് സാക്ഷികളെ വിസ്തരിക്കുന്നതിനുള്ള സമയം അനുവദിച്ചിട്ടുള്ളത്.