വയനാട്: എഫ്‌സിസി സന്യാസി സഭയില്‍ നിന്ന പുറത്താക്കിയ നടപടി നിര്‍ത്തിവെയ്ക്കണമെന്നാവശ്യപ്പെട്ട് സിസ്റ്റര്‍ ലൂസി കളപ്പുര നല്‍കിയ രണ്ടാമത്തെ അപ്പീലും വത്തിക്കാന്‍ തള്ളി. അപ്പീല്‍ തള്ളിക്കൊണ്ടുളള വത്തിക്കാന്റെ മറുപടി ഉത്തരവ് സിസ്റ്റര്‍ക്ക് ലഭിച്ചു. അതേസമയം, മാനന്തവാടി മുന്സിഫ് കോടതിയില്‍ നല്‍കിയ കേസ് നിലനില്‍ക്കുന്നതിനാല്‍ സിസ്റ്റര്‍ക്ക് മഠത്തില്‍ നിന്ന് ഇറങ്ങേണ്ട സാഹചര്യമുണ്ടാകില്ലെന്നാണ് നിഗമനം.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയതതിനെ തുടര്‍ന്നാണ് സിസ്റ്റര്‍ ലൂസി കളപ്പുരയെ എഫ്‌സിസി സന്യാസി സഭയില്‍ നിന്നും പുറത്താക്കിയത്. എറണാകുളത്ത് നടന്ന കന്യാസ്ത്രീകളുടെ സമരത്തില്‍ പങ്കെടുത്ത് കോണ്‍വെന്റില്‍ തിരിച്ചെത്തിയതിന് പിന്നാലെ സിസ്റ്റര്‍ ലൂസി കളപ്പുര പ്രശ്‌നങ്ങള്‍ നേരിടുകയായിരുന്നു.
ഇതിന് പിന്നാലെയാണ് സിസ്റ്ററെ സഭയില്‍ നിന്ന് പുറത്താക്കിയത്. തന്നെ പുറത്താക്കിയ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സിസ്റ്റര്‍ ആദ്യം എഫ്‌സസിസി അധികൃതര്‍ക്കും പിന്നീട് വത്തിക്കാനിലേക്കും അപ്പീല്‍ നല്‍കുകയായിരുന്നു. തന്റെ ഭാഗം കേള്‍ക്കണമെന്നും സിസ്റ്റര്‍ ആവശ്യപ്പെട്ടു. എന്നാല്‍ വത്തിക്കാന്‍ അപ്പീല്‍ തള്ളി.
അതേസമയം, സിസ്റ്ററെ അവര്‍ താമസിക്കുന്ന മഠത്തില്‍ നിന്ന് പുറത്താക്കരുതെന്ന് ആവശ്യപ്പെട്ട് മാനന്തവാടി മുന്സിഫ് കോടതിയില്‍ നല്‍കിയ കേസ് നിലനില്‍ക്കുകയാണ്. അതിനാല്‍ മഠത്തില്‍ നിന്ന് സിസ്റ്റര്‍ക്ക് ഇറങ്ങേണ്ട സാഹചര്യമുണ്ടാകില്ലെന്നാണ് നിഗമനം. മഠത്തില്‍ തന്നെ ഒറ്റപ്പെടുത്തുകയാണെന്നും ഭക്ഷണം പോലും തരുന്നില്ലെന്നും ആരോപിച്ച് സിസ്റ്റര്‍ ലൂസി കളപ്പുര നേരത്തെ രംഗത്തെത്തിയിരുന്നു.
Discussion about this post