കുന്നംകുളം: വിശപ്പുരഹിത സമൂഹത്തിനു വേണ്ട പ്രവര്‍ത്തനത്തില്‍ പങ്കാളിയായി എത്തുകയാണ് സുധിലയും. മരണത്തിനും ജീവിതത്തിനുമിടയില്‍ മല്ലടിച്ച് കടന്നുപോയ നാളുകള്‍ ഓര്‍ത്ത് 22കാരിയായ സുധിലയ്ക്ക് ഇനി സമയം ചെലവഴിക്കാനില്ല. വിശപ്പുരഹിത പദ്ധതിയുടെ ഭാഗമായി കുന്നംകുളം നഗരസഭ വളപ്പില്‍ ആരംഭിച്ച സുഭിക്ഷയുടെ ടോക്കണ്‍ കൗണ്ടറിലാണ് സുധിലക്കു താല്‍ക്കാലിക ജോലി ലഭിച്ചത്.
2016 ഫെബ്രുവരി 18ന് ഡി സോണ്‍ കലോത്സവത്തിനിടെ ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജ് ക്യാംപസില്‍ വീണ കൂറ്റന്‍ മരത്തിനിടയില്‍ പെട്ടു സാരമായി പരുക്കേറ്റ കാണിപ്പയ്യൂര്‍ വീട്ടില്‍ സുരേഷിന്റെയും അനിതയുടെയും മകളായ സുധില ഏറെ നാളായി ചികിത്സയിലായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സുധിലയ്ക്കു കാലിനും നട്ടെല്ലിനും ശസ്ത്രക്രിയയും വേണ്ടിവന്നു.
സുധിലയ്ക്ക് സംഭവിച്ച അപകടം കോളേജ് അധികൃതരെയും സുധിലയുടെ സഹപാഠികളെയും മറ്റ് വിദ്യാര്‍ത്ഥികളെയും ഒന്നടങ്കം വിഷമത്തിലാക്കി. എല്ലാവരും ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കലോത്സവം മാറ്റിവെച്ച് ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജ് ഒന്നടങ്കം സുധിലയ്ക്കായി പ്രാര്‍ത്ഥിച്ചു. ദീര്‍ഘനാളത്തെ ആശുപത്രി വാസത്തിന് ശേഷം ഒടുവില്‍ സുധില ജീവിതത്തിലേക്ക് തിരിച്ചെത്തി.
എന്നാല്‍ സുധിലയുടെ കാലുകളുടെ ചലന ശേഷി നഷ്ടപ്പെട്ടിരുന്നു. ശസ്ത്രക്രിയ നടത്തി 4 വര്‍ഷം കഴിഞ്ഞിട്ടും വീല്‍ ചെയറിന്റെ സഹായമില്ലാതെ സുധിലയ്ക്ക് ചലിക്കാനായില്ല. ഫിസിയോ തെറപ്പിയോടു പ്രതികരിക്കുന്നതിനാല്‍ പരസഹായമില്ലാതെ നടക്കാന്‍ സാധിക്കുമെന്നാണു ഡോക്ടര്‍മാരുടെ നിഗമനം. ഇത് സുധിലയ്ക്കും കുടുംബത്തിനും ഏറെ പ്രതീക്ഷ നല്‍കുന്നു.
ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജില്‍ നിന്നും ബിരുദ പഠനം പൂര്‍ത്തിയാക്കിയ സുധിലയ്ക്ക് ജോലിയില്‍ പ്രവേശിക്കണമെന്ന് അതിയായ ആഗ്രഹമായിരുന്നു.അതിനിടെയാണ് ഗുരുവായൂര്‍ ദേവസ്വം ജോലി വാഗ്ദാനം ചെയ്തും എസി മൊയ്തീന്‍ വീട് പ്രഖ്യാപിച്ചതും. ഒരു ജോലിക്കു വേണ്ടി കാത്തിരിക്കുമ്പോഴാണ് സുഭിക്ഷ പദ്ധതിയില്‍ പൊതുപ്രവര്‍ത്തകര്‍ ഇടപെട്ട് സുധിലയ്ക്ക് ജോലി നല്‍കിയത്.
സുഭിക്ഷ കാന്റീനില്‍ എത്തുന്നവര്‍ക്ക് ടോക്കണ്‍ നല്‍കുന്നതാണ് ജോലി. വിശപ്പുരഹിത സമൂഹത്തിനു വേണ്ട പ്രവര്‍ത്തനത്തില്‍ പങ്കാളിയാകുന്നതിന്റെ സന്തോഷത്തിലാണ് താനെന്ന് സുധില പറയുന്നു. അവശതകളെല്ലാം മറന്ന് സുധില ജോലിയില്‍ പ്രവേശിക്കുമ്പോള്‍ സുധിലയ്‌ക്കൊപ്പം നിന്നവരുടേയും പ്രാര്‍ത്ഥിച്ചവരുടേയും മനസ്സ് നിറയുന്നു.
ജീവിതത്തില്‍ പതറിപ്പോയ സന്ദര്‍ഭങ്ങളെയെല്ലാം അതിജീവിച്ച് മനുഷ്യര്‍ ഉയര്‍ത്തെഴുന്നേല്‍ക്കുന്നതിന്റെയും കൈത്താങ്ങായി മാറുന്നതിന്റെയും പേരായി മാറുകയാണ് ഇന്ന് സുധിലയും സുഭിക്ഷയും.
Discussion about this post