തൃശ്ശൂര്‍: ശബരിമലയിലെ സുരക്ഷയില്‍ വിട്ടുവീഴ്ചയില്ലാതെ കേന്ദ്രമന്ത്രിയേയും ബിജെപി നേതാക്കളേയും വിറപ്പിച്ച് താരമായ എസ്പി യതീഷ് ചന്ദ്രയെ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ.കന്നി അയ്യപ്പ ഭക്തനായ കുട്ടിയെ യതീഷ് ചന്ദ്ര മുറുകെ കെട്ടിപ്പിടിച്ച ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.
യതീഷ് ചന്ദ്രയെ സ്‌നേഹത്തോടെ ട്രോള്‍ ചെയ്ത് സോഷ്യല്‍ മീഡിയ പേജ് ആയ ‘പോരാളി ഷാജി ‘കൂടി രംഗത്ത് വന്നതോടെയാണ് ഈ ചിത്രം വൈറലായത്. ട്രോളിയത് യതീഷ് ചന്ദ്രയെ ആണെങ്കിലും യഥാര്‍ത്ഥത്തില്‍ എസ്പിയെ വിമര്‍ശിക്കുന്നവര്‍ക്കും നൈസായി പണികിട്ടിയിരിക്കുകയാണ് ഈ ട്രോളിലൂടെ.
സോഷ്യല്‍മീഡിയയില്‍ വൈറലായ ആ സെല്‍ഫിക്ക് പിന്നില്‍:
തൃശ്ശൂരിലെ മാധ്യമ പ്രവര്‍ത്തകനായ മുകേഷ്‌ലാലും മകന്‍ 6 വയസ്സുകാരന്‍ ജഗന്‍ ശ്യാം ലാലുമാണ് ചിത്രത്തിലെ അച്ഛനും മകനും. മല കയറ്റത്തിനിടെ അവിചാരിതമായി ഇപ്പോള്‍ ശബരിമല ചുമതലയിലുള്ള തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ കൂടിയായ യതീഷ് ചന്ദ്രയെ കണ്ടുമുട്ടുന്നത്. അപ്പോള്‍ എടുത്ത സെല്‍ഫിയാണ് വൈറലായത്.
ഫോട്ടോ യതീഷ് ചന്ദ്ര സ്വന്തം ഫേസ്ബുക്ക് അക്കൗണ്ടിലും ഷെയര്‍ ചെയ്തിരുന്നു. ചൂടന്‍, കണിശക്കാരന്‍,ക്ഷിപ്രകോപി എന്നൊക്കെയുള്ള അലങ്കാരങ്ങള്‍ ചാര്‍ത്തി കിട്ടുന്നതിനിടെ പുറത്തു വന്ന ഈ സ്‌നേഹചിത്രം യതീഷ് ചന്ദ്രയുടെ മറ്റൊരു മുഖമാണ് പ്രദര്‍ശിപ്പിക്കുന്നത്.
അതേസമയം, ശബരിമല സുരക്ഷാ ചുമതലയില്‍ നിന്നും യതീഷ് ചന്ദ്രയെ മാറ്റിയെന്ന വാര്‍ത്ത വ്യാജമാണെന്നും നവംബര്‍ 30ന് ശേഷം മാത്രമെ ചുമതല മാറ്റം ഉണ്ടാവുകയുള്ളൂവെന്നും പോലീസ് അറിയിച്ചു. നിലവില്‍ തല്‍സ്ഥാനത്ത് തന്നെയാണ് പോലീസ് ഉദ്യോഗസ്ഥര്‍ തുടരുന്നതെന്നും പോലീസ് അറിയിച്ചു.