തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19 ഭീതി ഒഴിഞ്ഞെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ. എന്നാല്‍ ലോകരാഷ്ട്രങ്ങളില്‍ കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ കൊവിഡ് 19 മുക്തമായി സംസ്ഥാനത്തെ പ്രഖ്യാപിക്കാനാവില്ലെന്നും മന്ത്രി വ്യക്തമാക്കി. ഈ പശ്ചത്തലത്തില്‍ വിമാനത്താവളങ്ങളില്‍ അടക്കം നിരീക്ഷണം തുടരും.
അതെസമയം, കൊച്ചിയില്‍ കൊവിഡ് 19 സംശയിച്ചതിനെ തുടര്‍ന്ന് നിരീക്ഷണത്തില്‍ ഉള്ളയാള്‍ മരിച്ചു. കൊറോണയാണെന്ന സംശയത്തില്‍ കളമശ്ശേരി മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്ന പയ്യന്നൂര്‍ സ്വദേശിയായ 36 കാരനാണ് ഇന്ന് മരിച്ചത്.
എന്നാല്‍ ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റൂട്ടില്‍ നടത്തിയ പരിശോധനയില്‍ ഇയാളുടെ മരണം കൊറോണ മൂലമല്ല എന്ന് വ്യക്തമായിരുന്നു. എന്നാല്‍ ആന്തരിക സ്രവങ്ങള്‍ വിശദ പരിശോധനക്കായി വീണ്ടും അയച്ചിട്ടുണ്ടെന്നും രണ്ടാമത്തെ പരിശോധനാ ഫലം കൂടി വരേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. യുവാവിന് വൈറല്‍ ന്യൂമോണിയ ആയിരുന്നു എന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്.
രണ്ടര വര്‍ഷമായി മലേഷ്യയില്‍ ജോലി നോക്കുന്ന യുവാവ് ഇന്നലെ പുലര്‍ച്ചെ ഒരുമണിയ്ക്കാണ് കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കടുത്ത പനിയുണ്ടെന്ന് കണ്ടെത്തിയത്. കടുത്ത പനിയും ജലദോഷവും ശ്വാസതടസ്സവും ഉള്ള നിലയിലാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്.
Discussion about this post