‘ഇവിടെ ഇങ്ങനൊരവസ്ഥയില്‍ ഈ ഭീകരവാദികള്‍ക്കൊപ്പം ജീവിക്കേണ്ടി വരുന്നതില്‍ ഞാന്‍ ലജ്ജിക്കുന്നു’; എസ്എഫ്‌ഐയുടെ പോസ്റ്ററിനെതിരെ പരാതിയുമായി എബിവിപി; എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ കേസെടുത്തു

പാലക്കാട്: ദേശീയ പ്രതിജ്ഞയെ വികൃതമാക്കി ചിത്രീകരിച്ച്, കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചുവെന്ന എബിവിപി നേതാക്കളുടെ പരാതിയില്‍ എസ്എഫ് ഐനേതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു. എസ്എഫ്‌ഐ മലമ്പുഴ ഐടിഐ യൂണിറ്റ് കമ്മറ്റി സെക്രട്ടറി സുജിത്, പ്രസിഡണ്ട് ജിതിന്‍ ഉള്‍പ്പടെയുള്ള യൂണിറ്റ് ഭാരവാഹികള്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.

‘ഈ ഇന്ത്യ എന്റെ ഇന്ത്യയല്ലെന്ന്’ തുടങ്ങുന്ന പോസ്റ്റര്‍, പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി എസ്എഫ്‌ഐ യുണിറ്റ് നേതാക്കള്‍ മലമ്പുഴ ഐടിഐയില്‍ സ്ഥാപിച്ചിരുന്നു. ഇതിന് എതിരെയാണ് എബിവിപി പരാതി നല്‍കിയത്. കലാപം ഉണ്ടാക്കാന്‍ പ്രേരിപ്പിക്കുന്നതാണ് പോസ്റ്റര്‍ എന്നാണ് എബിവിപിയുടെ ആരോപണം.

ഈ ഇന്ത്യ എന്റെ രാജ്യമല്ല. ഈ നാറികളൊന്നും എന്റെ സഹോദരീ സഹോദരന്മാര്‍ അല്ല. ഇങ്ങനെയുള്ള രാജ്യത്തെ ഞാന്‍ സ്‌നേഹിക്കുകയോ, ഇതിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ അഭിമാനം കൊള്ളുകയോ ചെയ്യുന്നില്ല. ഇവിടെ ഇങ്ങനൊരവസ്ഥയില്‍ ഈ ഭീകരവാദികള്‍ക്കൊപ്പം ജീവിക്കേണ്ടി വരുന്നതില്‍ ഞാന്‍ ലജ്ജിക്കുന്നു- എന്നായിരുന്നു പോസ്റ്ററിലെ ഉള്ളടക്കം.ബ്രണ്ണന്‍ കോളേജിലെ എസ്എഫ്‌ഐ യൂണീറ്റും സമാന പോസ്റ്റര്‍ സ്ഥാപിച്ചിരുന്നു.

Exit mobile version