നടിയെ ആക്രമിച്ച കേസ്; കുഞ്ചാക്കോ ബോബന് വാറന്റ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ കുഞ്ചാക്കോ ബോബന് കോടതി വാറന്റ് പുറപ്പെടുവിച്ചു. വിസ്താരത്തിനായി വെള്ളിയാഴ്ച കോടതിയില്‍ എത്തണമെന്ന് ആവശ്യപ്പെട്ട് കേസില്‍ സാക്ഷിയായ കുഞ്ചാക്കോ ബോബന് നേരത്തേ സമന്‍സ് നല്‍കിയിരുന്നു. എന്നാല്‍ കുഞ്ചാക്കോ ബോബന്‍ വിസ്താരത്തിനായി കോടതിയില്‍ എത്തിയില്ല. തുടര്‍ന്നാണ് നടപടി.

എറണാകുളം അഡീഷണല്‍ സെഷന്‍സ് ജഡ്ജി ഹണി എം വര്‍ഗീസ് ആണ് വാറന്റ് പുറപ്പെടുവിച്ചത്. ബെയ്‌ലബിള്‍ വാറന്റ് ആണിത്. സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട് കൊടൈക്കനാലില്‍ ആയതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്ന് കുഞ്ചാക്കോ ബോബന്‍ അറിയിച്ചതിനെതുടര്‍ന്ന് അടുത്തമാസം 4ന് ഹാജരാകാന്‍ കോടതി നിര്‍ദേശം നല്‍കുകയായിരുന്നു. കേസിലെ പതിനാറാം സാക്ഷിയാണ് കുഞ്ചാക്കോ ബോബന്‍.

കുഞ്ചാക്കോ ബോബനെക്കൂടാതെ മറ്റ് സാക്ഷികളായ ഗീതു മോഹന്ദാസ്, സംയുക്ത വര്‍മ്മ എന്നിവര്‍ക്കും ഇന്നലെ വിസ്താരത്തിനായി എത്താന്‍ സമന്‍സ് ഉണ്ടായിരുന്നു. ഇരുവരും ഇന്നലെ കോടതിയില്‍ എത്തിയെങ്കിലും സംയുക്താ വര്‍മ്മയുടെ വിസ്താരം കോടതി ഒഴിവാക്കി. ഗീതുവിനോടും സംയുക്തയോടും ഒരേ കാര്യങ്ങള്‍ തന്നെയാണ് ചോദിക്കാനുണ്ടായിരുന്നതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു തീരുമാനം.

അതേസമയം കേസില്‍ മറ്റൊരു സാക്ഷിയായ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെ വിസ്തരിക്കുന്നതും മാര്‍ച്ച് നാലിലേക്ക് മാറ്റിയിട്ടുണ്ട്. കേസില്‍ ഗൂഢാലോചനയുണ്ടെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് നടന്മാരേയും നടിമാരേയും വിസ്തരിക്കാന്‍ കോടതി തീരുമാനിച്ചത്. ഏപ്രില്‍ ഏഴ് വരെയാണ് സാക്ഷികളെ വിസ്തരിക്കുന്നതിനുള്ള സമയം അനുവദിച്ചിട്ടുള്ളത്.

Exit mobile version