തൃശ്ശൂർ: മതവും മനുഷ്യനും പോരാടിയപ്പോൾ ജീവനറ്റ് പോയത് 40ലേറെ പേരുടേതാണ്. നാനാത്വത്തിൽ ഏകത്വമെന്ന് എന്നും വീമ്പ് പറഞ്ഞിരുന്ന രാജ്യത്തിന് മുഖത്തേറ്റ അടിയായിരുന്നു ഡൽഹിയിൽ സമീപ ദിവസങ്ങളിൽ സംഭവിച്ചത്. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളും സമാധാന പ്രതിഷേധങ്ങളും മതത്തിന്റെ പേരിൽ വിഘടിപ്പിച്ച് ചിലർ നേട്ടം കൊയ്യാൻ ശ്രമിച്ചപ്പോഴാണ് രാജ്യ തലസ്ഥാനം ചോരയിൽ മുങ്ങിയത്. ഏറെ പരിശ്രമിച്ച് ഡൽഹിയിൽ സമാധാനം സ്ഥാപിക്കാൻ ശ്രമം നടക്കുകയാണിപ്പോഴും. കനത്ത സൈനിക-പോലീസ് വലയത്തിൽ സുരക്ഷ ഒരുക്കിയിട്ടും ഡൽഹിക്ക് ഉള്ളിൽ ഇപ്പോഴും കലാപ തീ അണഞ്ഞിട്ടില്ലെന്നാണ് വിവരം. പുറമെ നിന്ന് നോക്കുന്ന ശാന്തതയല്ല, അകത്ത് എരിയുന്ന കനലാണ് രാജ്യതലസ്ഥാനത്തിന്റെ സത്യമായ കാഴ്ചയെന്നാണ് റിപ്പോർട്ടുകൾ.
ഈ സമകാലിക വിഷയത്തിൽ ചിന്തയെ ഉണർത്തുന്ന ചിത്രവുമായി എത്തിയിരിക്കുകയാണ് പ്രശസ്ത ഫോട്ടോഗ്രാഫറായ രാഹുൽ രവി. ഡൽഹിയിൽ നടക്കുന്ന കലാപത്തിന്റെ നേർക്കാഴ്ചയാവുകയാണ് ഈ ചിത്രം. ദൈവം ഇല്ല എന്ന് പറയുന്നവനും, ദൈവം ഉണ്ട് എന്ന് പറയുന്നവനും ഈ ഭൂമിയിൽ ജീവിക്കുമ്പോൾ നിങ്ങൾ സൂക്ഷിക്കേണ്ടത് തന്റെ ദൈവം മാത്രമാണ് ശരി എന്ന് പറയുന്ന-പ്രവർത്തിക്കുന്നവരെ ആണെന്ന് രാഹുൽ രവി ഈ ചിത്രത്തിലൂടെ ചൂണ്ടിക്കാണിക്കുന്നു. ലോകം തന്നെ ഭയന്ന കൊറോണ വൈറസിനുപോലും രാജ്യത്തെ ഒരു ജീവനെ പോലും കവർന്നെടുക്കാൻ വിട്ടുനൽകാതെ അതിജീവനത്തിന്റെ മാതൃകയായപ്പോൾ മതം എന്ന രണ്ടു വാക്കിനു ഇന്ത്യയിൽ ദിവസങ്ങൾക്കുള്ളിൽ നിരവധി ജീവനുകൾ കവർന്നെടുക്കാൻ സാധിച്ചെന്ന് രാഹുൽ രവി പറയുന്നു.
Discussion about this post