കൊല്ലം: ഈ വേനലവധിക്ക് നാട്ടിലേക്ക് വരണമെന്ന് പറഞ്ഞ് വാശിപിടിച്ച് കരയുമായിരുന്നു ദേവനന്ദയെന്ന് അച്ഛൻ പ്രദീപ് കുമാർ കണ്ണീരോടെ ഓർക്കുന്നു. അവധിക്ക് നാട്ടിലേക്ക് വരണമെന്ന് പറയാൻ ദേവനന്ദ എന്നും വിളിക്കുമായിരുന്നു. വ്യാഴാഴ്ച മകളെ കാണാനില്ലെന്ന് വാർത്തയെത്തിയതോടെ ഓടിപ്പിടഞ്ഞ് മസ്‌കറ്റിൽ നിന്നും നാട്ടിലേക്ക് എത്തിയതായിരുന്നു പ്രദീപ് കുമാർ. പുലർച്ചെയാണ് പ്രദീപ്കുമാർ എത്തിയത്. ഭാര്യ ധന്യയുടെ അടുത്തേക്ക് ഓടിയെത്തിയ പ്രദീപ് ആദ്യം കേട്ടത് മകളുടെ മൃതശരീരം വീടിനു വിളിപ്പാടകലെ ഇത്തിക്കരയാറ്റിൽ കണ്ടെത്തിയെന്ന വാർത്തയാണ്.
പ്രദീപിനെയാണ് മൃതദേഹം തിരിച്ചറിയാനായി പോലീസ് വിളിച്ചത്. ആറിന്റെ കരയിലെത്തി മകളെ കണ്ട പ്രദീപ് നിലവിളിയോടെ കുഴഞ്ഞു വീണു. ‘വെക്കേഷന് ഞാൻ നാട്ടിൽ വരണമെന്ന വാശിയിലായിരുന്നു അവൾ. എന്നും വിളിക്കുമായിരുന്നു…’-പ്രദീപ് ഇതുപറഞ്ഞായിരുന്നു വിതുമ്പി കൊണ്ടിരുന്നത്. പോസ്റ്റ്മോർട്ടത്തിനുശേഷം മകളുടെ ശരീരം കൊണ്ടുവരുന്നതും കാത്ത് അയൽവീട്ടിലിരിക്കവെ അച്ഛൻ പ്രദീപിന് പലപ്പോഴും നിലതെറ്റുകയും കുഴഞ്ഞുവീഴുകയും ചെയ്തു.
ദേവനന്ദയുടെ വാശിക്ക് വഴങ്ങി കുടുംബത്തെ കാണാൻ ഈ വേനലവധിക്ക് നാട്ടിലേക്കു തിരിക്കാനുള്ള ആലോചനയിലായിരുന്നു പ്രദീപ്. ഇളയമകൻ നാലുമാസം പ്രായമുള്ള ദേവദത്തനെയും പ്രദീപ് കണ്ടിരുന്നില്ല. രണ്ടു മക്കളുമൊത്തുള്ള ആഘോഷക്കാലത്തിനായി നാട്ടിലെത്താനിരുന്ന അച്ഛനെ പക്ഷെ കാത്തിരുന്നത് തൻരെ പൊന്നുമകളുടെ വിയോഗ വാർത്തയായിരുന്നു.
മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ, എൻകെ പ്രേമചന്ദ്രൻ എംപി, ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണ, പ്രതാപവർമ തമ്പാൻ, എഎ അസീസ്, ഷാനവാസ്ഖാൻ തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു. പിന്നീട് വാക്കനാട്ടേക്ക് കൊണ്ടുപോയ മൃതദേഹം ദേവനന്ദ പഠിച്ചിരുന്ന സരസ്വതി വിദ്യാമന്ദിർ സ്‌കൂളിൽ പൊതുദർശനത്തിനു വെച്ചു.