ഫഖ്‌റുദ്ധീന്‍ പന്താവൂര്‍
പത്തനംതിട്ടയില്‍ പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഭര്‍ത്താവും സുഹൃത്തുംചേര്‍ന്ന് പീഡിപ്പിച്ചെന്ന് വ്യാജപരാതി നല്‍കിയ ഭാര്യക്കെതിരേ കേസെടുക്കാന്‍ പത്തനംതിട്ട പോക്‌സോ കോടതി ജഡ്ജി സനു എസ് പണിക്കര്‍ ഉത്തരവിട്ടത് കഴിഞ്ഞ ദിവസമാണ്. കേസില്‍ കുട്ടികളുടെ അച്ഛനെയും സുഹൃത്തിനെയും വെറുതേവിടുകയും ചെയ്തു.
2016 മാര്‍ച്ചില്‍ കുടുംബവഴക്ക് സംബന്ധിച്ച് ഭാര്യ, ഭര്‍ത്താവിനെതിരേ പന്തളം പോലീസില്‍ പരാതി കൊടുത്തിരുന്നു. ഭര്‍ത്താവിനെതിരേ പോലീസ് കേസെടുക്കുകയും ചെയ്തു. ഇതിനുശേഷം പിരിഞ്ഞുതാമസിച്ച ഇവരുടെ ഇരട്ടപ്പെണ്‍കുട്ടികളില്‍ ഒരാള്‍ അച്ഛനൊപ്പവും മറ്റേയാള്‍ അമ്മയ്‌ക്കൊപ്പവുമായിരുന്നു.
ഒന്‍പത് വയസ്സുള്ള മകളെ അച്ഛനും സുഹൃത്തുംചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചെന്ന്, പിരിഞ്ഞുതാമസിച്ച് ഒന്‍പതുമാസം കഴിഞ്ഞ് അമ്മ വനിതാസെല്ലില്‍ പരാതി നല്‍കി. തനിക്കൊപ്പം താമസിക്കുന്ന കുട്ടിയെക്കൊണ്ട്, ഇങ്ങനെ പീഡനത്തിനിരയായെന്ന് മൊഴി കൊടുപ്പിക്കുകയും ചെയ്തു. സഹോദരിയെയും പീഡിപ്പിച്ചെന്ന് ഈ കുട്ടിയെക്കൊണ്ട് പറയിപ്പിച്ചു.
തുടര്‍ന്ന്, കുട്ടിയുടെ അച്ഛനെയും സുഹൃത്തിനെയും പോലീസ് അറസ്റ്റുചെയ്തു.എന്നാല്‍, പീഡിപ്പിച്ചതായി മൊഴി കൊടുക്കുന്നതിന്, കുട്ടിയെ അമ്മ പ്രേരിപ്പിക്കുകയായിരുന്നെന്ന് പിന്നീട് കോടതിക്ക് ബോധ്യമായി. അമ്മയെ വിസ്തരിച്ചതില്‍നിന്നും കുട്ടിയുടെ മെഡിക്കല്‍ പരിശോധനയിലുമാണ് വ്യക്തത വന്നത്. അച്ഛന്റെകൂടെ താമസിച്ചിരുന്ന കുട്ടി, തന്നെ പീഡിപ്പിച്ചതായി കോടതിയില്‍ മൊഴി നല്‍കിയുമില്ല.
ഭര്‍ത്താവിനോട് ഭാര്യക്കുള്ള വിരോധംമൂലം മകളെക്കൊണ്ട് ഇങ്ങനെ മൊഴി പറയിപ്പിക്കുകയായിരുന്നെന്ന് കോടതി കണ്ടെത്തി. അമ്മയുടെ സഹോദരനുള്ള വിരോധമാണ്, അച്ഛന്റെ സുഹൃത്തിനെ കേസില്‍ ഉള്‍പ്പെടുത്താന്‍ കാരണമെന്നും വ്യക്തമായി. ഇനി മറ്റൊന്ന് പറയാം. പൊന്നാനിക്കടുത്ത് വര്‍ഷങ്ങള്‍ക്കുമുമ്പാണ് സംഭവം.
അധ്യാപകനോട് വിരോധം തീര്‍ക്കാന്‍ കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നൊരു വ്യാജപരാതിയുണ്ടാക്കി. പത്രങ്ങളില്‍ ഫോട്ടോയും വാര്‍ത്തയുമൊക്കെ വന്നു. പിന്നീടാണ് സത്യം ഇഴഞ്ഞിഴഞ്ഞു പുറത്തുവന്നത്. അതൊരു പെരും നുണയായിരുന്നുവെന്ന്. നഷ്ടപ്പെട്ട മാനത്തിനും ജോലിക്കും ആര് മറുപടി നല്‍കും?
സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച ബസ്ജീവനക്കാരനെ കോടതി ശിക്ഷിച്ചു, ഒരു വര്‍ഷത്തെ ശിക്ഷാകാലയളവ് കഴിഞ്ഞപ്പോഴാണ് ഇയാള്‍ നിരപരാധിയാണെന്നും കുട്ടിയുടെ രക്ഷിതാവായ പോലീസുകാരന്‍ പകതീര്‍ത്തതാണെന്നും ഹൈക്കോടതിക്ക് ബോധ്യമായത്. ഇല്ലാത്ത കേസില്‍ ശിക്ഷിക്കപ്പെട്ടു,നാട്ടില്‍ പുറത്തിറങ്ങാന്‍ പറ്റാതായി, ബന്ധുക്കള്‍ കൈയ്യൊഴിഞ്ഞു,ദുരിതപൂര്‍ണ്ണമായിരുന്നു ആ കുടുംബത്തിന്റെ പിന്നീടുള്ള ജീവിതം.
ദേഷ്യം തീര്‍ക്കാനും പക തീര്‍ക്കാനും ഏറ്റവും വൃത്തികെട്ട മാര്‍ഗമാണ് ലൈംഗികപീഡന പരാതികള്‍. ആഴ്ചകള്‍ക്കുമുമ്പ് ഇടുക്കിയില്‍ വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചെന്നും പറഞ്ഞ് സ്‌കൂളിലെ യുവതിയായ വനിതാ കൗണ്‍സിലര്‍ക്കെതിരെ പോലീസ് കേസെടുത്തു. പത്രങ്ങളിലൊക്കെ വലിയ വാര്‍ത്തയായി.
അവിവാഹിതയായ ആ ടീച്ചറുടെ ജീവിതം തന്നെ തകര്‍ന്നു. പോലീസിന്റെ കാര്യക്ഷമമായ അന്വേഷണത്തില്‍ അതൊരു വ്യാജപരാതിയായിരുന്നുവെന്നും സ്‌കൂളിലെ അധ്യാപകര്‍ക്കിടയിലെ അസ്വാരസ്യത്തിന് ചൈല്‍ഡ് ലൈനിനെ ഉപയോഗിച്ച് വനിതാ കൗണ്‍സിലറായ ടീച്ചറെ കുടുക്കിയതാണെന്നും ബോധ്യമായി. അതോടെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകനെതിരെ പോക്‌സോ ചുമത്തി പോലീസ് കേസെടുത്തു അറസ്റ്റ് ചെയ്തു.
നമ്മുടെ നാട്ടില്‍ നടക്കുന്ന ലൈംഗിക പീഡനക്കേസുകളെല്ലാം വ്യാജമാണെന്നല്ല പറയുന്നത്. എന്നാല്‍ പലതും കണ്ണടച്ച് വിശ്വസിക്കരുതെന്ന പാഠം നമുക്ക് മുന്നിലുണ്ട്. ഒരാളെ പൂര്‍ണ്ണമായും തകര്‍ക്കാനുള്ള ടൂളാണ് പീഡന പരാതികള്‍.വ്യാജപരാതികളില്‍ ശത്രുവിനെ ഉന്നംവെക്കുമ്പോള്‍ ഇതിന്റെ യഥാര്‍ത്ഥ ഇര കുട്ടികളാണ്.
അവരുടെ ജീവിതമാണ്.കരുവാക്കപ്പെടുന്ന ആ കുട്ടികളുടെ ബാല്യങ്ങളിലേല്‍പ്പിക്കുന്ന മുറിവുകളുടെ ആഴം ജീവിതകാലം മുഴുക്കെയും അവരെ പരോക്ഷമായെങ്കിലും വേട്ടയാടും.ഭര്‍ത്താവിനോടുള്ള പക തീര്‍ക്കാന്‍ മകളെക്കൊണ്ട് പിതാവിനെതിരെ ലൈംഗികപീഡന പരാതിനല്‍കിയ ഭാര്യയെ എനിക്ക് നേരിട്ടറിയാം. ചങ്ങരംകുളത്ത് മാസങ്ങള്‍ക്കു മുന്‍പ് ഇത്തരത്തില്‍ പിതാവ് പീഡിപ്പിച്ച മകളെക്കുറിച്ച് വാര്‍ത്ത വന്നിരുന്നു.
ഒടുവില്‍ മഞ്ചേരി കോടതി ഇയാളെ വെറുതെവിട്ടു. വ്യാജപരാതിയെന്ന് കണ്ടെത്തിയതിനെതുടര്‍ന്നായിരുന്നു ഇത്. കേരളത്തില്‍ കുട്ടികള്‍ക്കെതിരെ നടക്കുന്ന പീഡനങ്ങളുടെ എണ്ണം ഓരോ വര്‍ഷവും വര്‍ധിച്ചുവരുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അതോടൊപ്പം വ്യാജ പരാതികളുടെ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സംസ്ഥാനത്ത് 4008 വ്യാജ പോക്‌സോ കേസുകളാണ് രജിസ്റ്റര്‍ ചെയ്തതെന്നാണ് വിവരം. പരാതിയില്‍ കഴമ്പില്ലെന്ന് കണ്ട് പോലീസ് ഈ കേസുകളില്‍ അന്വേഷണം പാതി വഴിയില്‍ അവസാനിപ്പിക്കുകയായിരുന്നുവത്രേ. പോക്‌സോ കേസുകളുടെ എണ്ണത്തിലുള്ള ആധിക്യം മൂലം കഴമ്പുള്ള കേസുകളില്‍ വിചാരണ വൈകുന്ന സാഹചര്യത്തിലാണ് വ്യാജ കേസുകളും വര്‍ദ്ധിക്കുന്നത്.
വിവാഹമോചനക്കേസുകള്‍ ഉള്‍പ്പെടെയുള്ള സന്ദര്‍ശങ്ങളില്‍ കുട്ടികളുടെ സംരക്ഷണം വിട്ടുകിട്ടുന്നതിനായി പങ്കാളിയ്‌ക്കെതിരെ പോക്‌സോ കേസുകള്‍ ഫയല്‍ ചെയ്യാറുണ്ട് പലരും. ഇത് വിവാഹമോചനം എളുപ്പമാക്കുമെന്നതാണ് ന്യായം. കുട്ടിയ്ക്കു മേല്‍ ഭര്‍ത്താവ് ലൈംഗികാതിക്രമം നടത്തിയെന്ന പരാതി പോലീസില്‍ ലഭിക്കുന്നതോടെ കുട്ടിയുടെ മേല്‍ അവകാശം സ്ഥാപിക്കാന്‍ അച്ഛനു കഴിയാതെ വരികയും കുട്ടിയുടെ അവകാശം അമ്മയ്ക്ക് ലഭിക്കുകയും ചെയ്യും.
ഓരോവര്‍ഷവും കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമണങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ വ്യാജ കേസുകള്‍കൂടി പെരുകുന്നത് കുറ്റവാളിക്ക് ശിക്ഷ ലഭിക്കാന്‍ കാലതാമസം നേരിടുകയാണ് ചെയ്യുക. പോലീസ് സംവിധാനം കാര്യക്ഷമമായാല്‍ മാത്രമാണ് വ്യാജ പീഡനക്കേസുകള്‍ തുടക്കത്തില്‍തന്നെ കണ്ടെത്താനൊക്കൂ.
ബലിയാടുകുന്ന കുട്ടികളുടെ ജീവിതവും ഇരയാക്കപ്പെടുന്ന നിരപരാധികളും നമ്മുടെ മുന്നിലെ ദയനീയ കാഴ്ചയാണ്. വ്യാജപരാതികളില്‍ ജീവിതം നഷ്ടപ്പെടുന്നത് അതിലെ ഇരകള്‍ക്കുമാത്രമല്ല ബലിയാടാവുന്ന കുട്ടികളുമാണ്. സമൂഹത്തിലെ പൊതുവായ ധാര്‍മികബോധ്യത്തിന്റെ തകര്‍ച്ചയാണ് ഇത്തരം കേസുകള്‍ വര്‍ധിക്കാനിടയാക്കുന്നത്. ജീവിത വിശുദ്ധിയെന്നതൊക്കെ പരസ്പരമുള്ള വിദ്വേഷത്തിനും തര്‍ക്കത്തിനുമിടയില്‍ കുഴിച്ചുമൂടുന്നുവെന്ന് മാത്രം.
( അധ്യാപകനും മൈന്റ് കണ്‍സള്‍ട്ടന്റുമാണ് ലേഖകന്‍.9946025819)