കൊല്ലം: കേരളത്തിനെ കണ്ണീരിലാഴ്ത്തി ഏഴുവയസുകാരി ദേവനന്ദയുടെ മൃതദേഹം പള്ളിമൺ ആറ്റിൽ നിന്നു പുറത്തെടുത്തു തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. മൃതദേഹത്തിൽ ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളില്ലെന്നു പ്രാഥമിക നിഗമനം. ആറ്റിൽ നിർമ്മിച്ചിരിക്കുന്ന തടയണയ്ക്ക് അപ്പുറത്തു നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. കമഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഇവിടേക്ക് ഒഴുകിയെത്താൻ സാധ്യതയുണ്ടോയെന്നും മൃതദേഹം പിന്നീട് ഇവിടെ കൊണ്ടിട്ടതാണോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
വീട്ടിൽ നിന്നും ഏകദേശം 500 മീറ്റർ അകലെ നിന്നാണു മൃതദേഹം കണ്ടെത്തിയത്. ഈ ഭാഗങ്ങളിലേക്ക് ദേവനന്ദ വരാറില്ല. മൃതദേഹം കണ്ട സ്ഥലം വിജനമായ പ്രദേശമാണ്. ആറ്റിനു തീരത്തു കാടും റബർ മരങ്ങളുമാണ്. അതേസമയം, ദേവനന്ദയുടെ പിതാവ് പ്രദീപ്കുമാർ രാവിലെ വിദേശത്തു നിന്നും വീട്ടിലെത്തി. മൃതദേഹം കണ്ട പ്രദീപ്കുമാർ കുഴഞ്ഞുവീണു. ഇദ്ദേഹത്തെ ആശുപത്രിയിലേക്കു മാറ്റി.
ദേവനന്ദയുടെ വീട്ടിൽ നിന്ന് എഴുന്നൂറു മീറ്റർ അകലെ റബർതോട്ടം കഴിഞ്ഞ് പുഴയിലാണ് മൃതദേഹം കണ്ടെത്തുന്നത്. മൃതദേഹം കിടന്നിരുന്ന അതേസ്ഥലത്തു നിന്നു തന്നെ കുട്ടി കഴുത്തിൽ ധരിച്ചിരുന്ന ഷാളും കണ്ടെത്തിയിരുന്നു.
കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു കുട്ടിയുടെ മൃതദേഹം. കുട്ടി തനിച്ച് എങ്ങനെയാണ് ഈ സ്ഥലത്ത് എത്തിയതെന്നും കൂടുതൽ അന്വേഷണം വേണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. സംഭവത്തിൽ ദുരൂഹതയില്ലെന്നാണ് എൻകെ പ്രേമചന്ദ്രൻ എംപിയും മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയും പ്രതികരിച്ചത്.
കൊല്ലം കണ്ണനല്ലൂർ നെടുമൺകാവ് ഇളവൂർ തടത്തിൽമുക്ക് ധനീഷ് ഭവനത്തിൽ പ്രദീപ് കുമാർ- ധന്യ ദമ്പതികളുടെ മകളാണ് പൊന്നു എന്നു വിളിക്കുന്ന ഏഴുവയസുകാരി ദേവനന്ദ. വാക്കനാട് സരസ്വതീ വിദ്യാനികേതനിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു. ഇന്നലെ രാവിലെ പത്തരയോടെയാണ് വീട്ടിൽ നിന്നും ദേവനന്ദയെ കാണാതായത്.
Discussion about this post