കൃഷ്ണനെ കുറ്റാരോപിതനായി കാണുന്നയാള്‍ക്കാണോ അവാര്‍ഡ് നല്‍കേണ്ടതെന്ന് ഹൈക്കോടതി; പ്രഭാ വര്‍മയ്ക്ക് ജ്ഞാനപ്പാന അവാര്‍ഡ് നല്‍കുന്നതിന് സ്റ്റേ

വെള്ളിയാഴ്ച രാവിലെ പുരസ്‌കാരം വിതരണം ചെയ്യാനിരിക്കെയാണ് ഹൈക്കോടതി സ്‌റ്റേ

കൊച്ചി: പൂന്താനം ജ്ഞാനപ്പാന അവാര്‍ഡ് എഴുത്തുകാരന്‍ പ്രഭാ വര്‍മയ്ക്ക് നല്‍കാനുള്ള ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ നീക്കത്തിന് ഹൈക്കോടതിയുടെ സ്റ്റേ. കൃഷ്ണനെ കുറ്റാരോപിതനായി കാണുന്നയാള്‍ക്കാണോ പൂന്താനം അവാര്‍ഡ് നല്‍കേണ്ടതെന്ന് ഹൈക്കോടതി ചോദിച്ചു. വെള്ളിയാഴ്ച രാവിലെ പുരസ്‌കാരം വിതരണം ചെയ്യാനിരിക്കെയാണ് ഹൈക്കോടതി സ്‌റ്റേ.

പ്രഭാവര്‍മയുടെ ‘ശ്യാമമാധവം’ എന്ന കൃതിക്കാണ് കഴിഞ്ഞദിവസം ജ്ഞാനപ്പാന അവാര്‍ഡ് പ്രഖ്യാപിച്ചത്. ഇതിനെ എതിര്‍ത്ത് സംഘപരിവാര്‍ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. പൂന്താനം ജ്ഞാനപ്പാന അവാര്‍ഡ് കൃഷ്ണബിംബങ്ങളെ അപമാനിക്കുന്ന പ്രഭാവര്‍മ്മയുടെ ശ്യാമമാധവം എന്ന കൃതിക്ക് നല്‍കിയത് പൂന്താനത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന് തപസ്യ കലാസാഹിത്യവേദി പ്രതികരിച്ചു.

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പൂന്താനം ജ്ഞാനപ്പാന അവാര്‍ഡ് പ്രഭാ വര്‍മയ്ക്ക് നല്‍കാനുള്ള ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ നീക്കം ഹൈക്കോടതി സ്റ്റേ ചെയ്തത്. അവാര്‍ഡ് തുകയായ പണം ഭക്തരുടെ പണമാണെന്നും ഭക്തരുടെ വികാരം മനസ്സിലാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

വെള്ളിയാഴ്ച രാവിലെ പത്തരയ്ക്കാണ് പുരസ്‌കാരം വിതരണം ചെയ്യാനിരുന്നത്. അവാര്‍ഡ് സമര്‍പ്പണവുമായി ബന്ധപ്പെട്ട് സാംസ്‌കാരിക സമ്മേളനവും സംഘടിപ്പിച്ചിരുന്നു. അതേസമയം, സാംസ്‌കാരിക സമ്മേളനം നടത്തുന്നതിന് എതിര്‍പ്പില്ലെന്നും എന്നാല്‍ അവാര്ഡ് വിതരണത്തിന് സ്റ്റേ ഏര്‍പ്പെടുത്തുകയാണെന്നും കോടതി അറിയിച്ചു. അമ്പതിനായിരത്തൊന്ന് രൂപയാണ് അവാര്‍ഡ് തുക.

Exit mobile version