കണ്ണൂർ: തയ്യിൽ കടപ്പുറത്ത് ഒന്നര വയസുകാരനെ പാറക്കല്ലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ കുട്ടിയുടെ അമ്മ ശരണ്യയുടെ കാമുകൻ നിഥിനും അറസ്റ്റിൽ. കണ്ണൂർ വാരം സ്വദേശിയായ നിഥിനെ വ്യാഴാഴ്ച ഉച്ചയോടെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ കൊലപാതക പ്രേരണാക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
ഇക്കഴിഞ്ഞ ഫെബ്രുവരി 16-നാണ് ശരണ്യ-പ്രണവ് ദമ്പതിമാരുടെ മകൻ വിയാന്റെ മൃതദേഹം തയ്യിൽ കടപ്പുറത്ത് നിന്ന് കണ്ടെത്തിയത്. ഉറക്കികിടത്തിയിരുന്ന മകനെ കാണാതായെന്നായിരുന്നു ദമ്പതിമാരുടെ പരാതി. എന്നാൽ പോലീസ് സംഘം 24 മണിക്കൂറിലേറെ സമയം നടത്തിയ നീണ്ട ചോദ്യംചെയ്യലിൽ ശരണ്യ കുറ്റം സമ്മതിക്കുകയായിരുന്നു. കാമുകനോടൊപ്പം ജീവിക്കാനായി കുഞ്ഞിനെ കൊലപ്പെടുത്തിയെന്നായിരുന്നു ശരണ്യയുടെ മൊഴി.
അച്ഛനായ പ്രണവിനൊപ്പം ഉറങ്ങികിടക്കുകയായിരുന്ന കുഞ്ഞിനെ ശരണ്യ എടുത്തുകൊണ്ട് പോവുകയും കടപ്പുറത്തെ കടൽഭിത്തിയിലേക്കെറിഞ്ഞ് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പോലീസ് സംഘം കണ്ടെത്തിയിരുന്നു. കൊലപാതകം ഭർത്താവായ പ്രണവിന്റെ തലയിൽ കെട്ടിവെയ്ക്കാനായിരുന്നു ശരണ്യയുടെ ശ്രമം. എന്നാൽ ശാസ്ത്രീയ തെളിവുകൾ ശരണ്യയ്ക്ക് എതിരാവുകയായിരുന്നു. ഇതോടെയാണ് ഗത്യന്തരമില്ലാതെ ശരണ്യ കുറ്റം സമ്മതിച്ചത്.
അതേസമയം, കൊലപാതകത്തിൽ കാമുകന് നേരിട്ട് പങ്കില്ലാത്തതിനാലാണ് നിഥിനെ അന്ന് പോലീസ് അറസ്റ്റ് ചെയ്യാതിരുന്നത്. ഇയാളെ പോലീസ് ഒന്നിലേറെ തവണ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു.
കുഞ്ഞിനെ മരിച്ചനിലയിൽ കണ്ടെത്തിയ ദിവസം പോലീസ് കസ്റ്റഡിയിലിരിക്കെ നിഥിന്റെ നിരവധി കോളുകളാണ് ശരണ്യയുടെ മൊബൈലിൽ വന്നിരുന്നത്. അന്വേഷണത്തിൽ ഈ ഫോൺകോളുകളും വാട്സാപ്പ് സന്ദേശങ്ങളും നിർണായകമായിരുന്നു.
Discussion about this post