കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സാക്ഷി വിസ്താരം പുരോഗമിക്കുന്നു. ഇതിനിടെ കേസിലെ പതിനൊന്നാം സാക്ഷിയായ നടി മഞ്ജു വാര്യരുടെ സാക്ഷി വിസ്താരം പൂർത്തിയായി. എറണാകുളം സിബിഐ സ്പെഷ്യൽ കോടതിയിലാണ് മഞ്ജുവിന്റെ മൊഴി രേഖപ്പെടുത്തിയത്.
മഞ്ജുവിനെ കൂടാതെ നടി ബിന്ദു പണിക്കർ, നടൻ സിദ്ധീഖ് എന്നിവരും വ്യാഴാഴ്ച സാക്ഷിവിസ്താരത്തിനായി കോടതിയിലെത്തിയിരുന്നു. നടിയെ ആക്രമിച്ച കേസിലെ നിർണായക സാക്ഷിയാകും മഞ്ജു വാര്യർ. കേസിൽ ദിലീപ് പ്രതിയാകുന്നതിനു മുൻപ് തന്നെ നടിയെ ആക്രമിച്ച സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്ന് മഞ്ജു വാര്യർ പ്രഖ്യാപിച്ചത് ഏറെ വാർത്തയായിരുന്നു. നടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടുള്ള പരിപാടിയിൽ വെച്ചാണ് മഞ്ജു വാര്യർ ഇക്കാര്യം പരസ്യമായി പറഞ്ഞത്.
പിന്നീട് ദിലീപ് പ്രതിയായി വന്നപ്പോൾ ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് വിരോധം ഉണ്ടെന്ന് വിശദീകരിച്ച് ഇക്കാര്യം വിശദീകരിക്കാനായി പ്രോസിക്യൂഷന്റെ പ്രധാന സാക്ഷിയായി മഞ്ജുവിനെ ചേർക്കുകയായിരുന്നു.
ആദ്യ ഘട്ടത്തിൽ 135 സാക്ഷികളുടെ വിസ്താരം നടക്കും. മലയാള സിനിമയിലെ പ്രമുഖ നടീനടന്മാരായ സംയുക്ത വർമ, കുഞ്ചാക്കോ ബോബൻ, ഗീതു മോഹൻദാസ്, സംവിധായകൻ ശ്രീകുമാർ മേനോൻ, ഗായിക റിമി ടോമി എന്നിവരുടെ സാക്ഷിവിസ്താരവും അടുത്ത ദിവസങ്ങളിലായി ഉണഅടാകും.
Discussion about this post