കൊട്ടാരക്കര: ചക്രക്കസേരയും കൊണ്ട് താലൂക്ക് ആശുപത്രിയില്‍ നിന്നും മുങ്ങിയ അംഗപരിമിതനെ ബാറില്‍ നിന്നും പൊക്കി. ഇരിക്കാന്‍ നല്‍കിയ ചക്രക്കസേരയുംകൊണ്ട് മുങ്ങിയ വയോധികനെ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ് ബാറില്‍ നിന്നും പിടികൂടിയത്. സംഭവത്തെത്തുടര്‍ന്ന് വയോധികന്റെ വൈകല്യം കണക്കിലെടുത്ത് കേസെടുക്കാതെ പോലീസ് വിട്ടയച്ചു.
കഴിഞ്ഞദിവസമാണ് ചികിത്സ തേടി വയോധികനായ അംഗപരിമിതന്‍ ആശുപത്രിയില്‍ എത്തിയത്. ആശുപത്രി ജീവനക്കാരനാണ് ഇയാള്‍ക്ക് ചക്രക്കസേര നല്‍കിയത്. ഏറെ നേരം ചക്രക്കസേരയില്‍ ഇരുന്ന ഇയാള്‍ ആരും ശ്രദ്ധിക്കുന്നില്ലെന്ന് കണ്ടപ്പോള്‍ ആശുപത്രിയില്‍ നിന്നും മുങ്ങുകയായിരുന്നു.
വയോധികന്‍ കസേരയുമായി പതുക്കെ പുറത്തുകടന്ന് ഒരു ഓട്ടോറിക്ഷയില്‍ കയറി സ്ഥലംവിട്ട വിവരം ആശുപത്രി പരിസരത്തുണ്ടായവരാണ് സെക്യൂരിറ്റി ജീവനക്കാരനെ അറിയിച്ചത്. തുടര്‍ന്ന് സെക്യൂരിറ്റിക്കാരന്‍ നഗരം മുഴുവന്‍ കസേരയേയും ആളെയും തിരഞ്ഞെങ്കിലും ഫലമൊന്നുമുണ്ടായില്ല.
അതിനിടെ സംശയം തോന്നിയ ജീവനക്കാരന്‍ ബാറില്‍ കയറി നോക്കിയപ്പോഴാണ് വയോധികനെ ഇവിടെനിന്നും കണ്ടെത്തിയത്. ഉടനെ കസേരയേയും ആളെയും താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. സംഭവം പോലീസില്‍ അറിയിച്ചെങ്കിലും വൈകല്യം കണക്കിലെടുത്ത് പോലീസ് ഇയാളെ വിട്ടയച്ചു.