കോഴിക്കോട്: ജോളി ജീവനൊടുക്കാൻ ശ്രമിച്ചതായി പോലീസ്. കൂടത്തായി കൊലപാതകക്കേസുകളിലെ മുഖ്യ പ്രതിയായ ജോളി ജയിൽ മുറിയിൽ വെച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചിരിക്കുന്നത്. കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച ജോളിയെ ജയിൽ അധികൃതർ ആശുപത്രിയിൽ എത്തിച്ചു.
പുലർച്ചെ അഞ്ച് മണിയോടെ രക്തം വാർന്ന നിലയിൽ കണ്ടെത്തിയ ജോളിയെ ജയിൽ അധികൃതർ തന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കോഴിക്കോട് ജില്ലാ ജയിലിലെ സെല്ലിലുണ്ടായിരുന്ന മറ്റ് ജയിൽപ്പുള്ളികളാണ് വിവരം ജയിൽ അധികൃതരെ അറിയിച്ചത്.
ചില്ലിന്റെ കഷ്ണമോ ബ്ലെയ്ഡോ ഉപയോഗിച്ചാണ് ഞരമ്പ് മുറിച്ചതെന്നാണ് സൂചനകൾ. എന്നാൽ കടിച്ചു മുറിച്ചാണ് മുറിവുണ്ടാക്കിയത് എന്നാണ് ജോളിയുടെ മൊഴി. ഇത് പോലീസ് മുഖവിലയ്ക്ക് എടുത്തിട്ടില്ല. കൈ മുറിക്കാൻ ആവശ്യമായ മൂർച്ചയുള്ള വസ്തു ജോളിക്ക് ലഭിച്ചത് എവിടെ നിന്നാണെന്ന് പോലീസ് അന്വേഷിക്കുന്നത്. കൈ കടിച്ചുമുറിച്ച തരത്തിലുള്ള മുറിവല്ല ജോളിയുടെ കൈയ്യിലുള്ളതെന്നാണ് ഡോക്ടർമാരും അറിയിച്ചിട്ടുള്ളത്.
ജോളിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജോളി അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു.
ജോളിയുടെ ആത്മഹത്യ പ്രവണത കണക്കിലെടുത്ത് മുൻപ് കൗൺസിലർമാരുടെ സഹായം പോലീസ് തേടിയിരുന്നു.