കവളപ്പാറ ദുരന്തം; 462 കുടുംബങ്ങള്‍ക്ക് അനുയോജ്യമായ സ്ഥലം വാങ്ങാന്‍ ആറു ലക്ഷം രൂപ വീതം അനുവദിച്ചു

ഇതിനായി 27.72 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് അനുവദിച്ചത്.

തിരുവനന്തപുരം: പോയ വര്‍ഷം പെയ്തിറങ്ങിയ മഴ നാമവശേഷമാക്കിയത് മലബാറിനെയാണ്. ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും അനവധി വീടുകളും അതിലുപരി മനുഷ്യ ജീവനുകളാണ് പൊലിഞ്ഞത്. നേരം ഒന്ന് ഇരുട്ടി വെളുത്തപ്പോള്‍ വീടുകള്‍ ഇരുന്ന പലയിടവും മണ്ണുകൊണ്ട് മൂടി. ഉറങ്ങിക്കിടന്നവരാണ് മരണത്തിലേയ്ക്ക് വീണത്. ഇപ്പോഴും മലപ്പുറം കവളപ്പാറയിലെ ദുരന്തം മലയാളി മനസുകളില്‍ നടുക്കുന്ന ഓര്‍മ്മ കൂടിയാണ്.

ഇപ്പോള്‍ ആ ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് സ്ഥലം വാങ്ങുവാന്‍ സര്‍ക്കാര്‍ ആറു ലക്ഷം രൂപ വീതം അനുവദിച്ചിരിക്കുകയാണ്. വീടും സ്ഥലവും നഷ്ടപ്പെട്ട 462 കുടുംബങ്ങള്‍ക്കാണ് സ്ഥലം വാങ്ങാന്‍ തുക നല്‍കുന്നത്. ഇതിനായി 27.72 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് അനുവദിച്ചത്.

വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍, പുഴ ഗതിമാറിയതിനെ തുടര്‍ന്ന് വീടുകള്‍ വാസയോഗ്യമല്ലാതായവര്‍, ജിയോളജി ടീം മാറ്റിപ്പാര്‍പ്പിക്കുന്നതിന് ശുപാര്‍ശ ചെയ്ത കുടുംബങ്ങള്‍ എന്നിവര്‍ക്ക് വീട് വെയ്ക്കാന്‍ അനുയോജ്യമായ സ്ഥലം വാങ്ങുന്നതിനാണ് തുക അനുവദിച്ചത്. 2019-ലെ പ്രളയത്തെത്തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലുമാണ് കവളപ്പാറയില്‍ നിരവധിപ്പേര്‍ക്ക് വീടുകള്‍ നഷ്ടപ്പെട്ടത്.

Exit mobile version