പന്തളം: കെഎസ്ആര്‍ടിസി ഡിപ്പോയില്‍ അയ്യപ്പന്റെ ചിത്രത്തിനു മുന്നില്‍ കത്തിച്ചുവെച്ച നിലവിളക്ക് അടിച്ചുമാറ്റിയ ആളെ പിടികൂടിയ പോലീസ് തെളിയിച്ചത് അഞ്ച് വര്‍ഷം മുന്‍പ് നടന്ന കൊലപാതകം. അഞ്ചു വര്‍ഷം മുമ്പ് തക്കലയില്‍ നടന്ന കൊലപാതക കേസിലെ പ്രതിയാണ് വിളക്കു മോഷണത്തില്‍ പിടിയിലായത്.
കന്യാകുമാരി കല്‍ക്കുളം ഐക്കരവിളയില്‍ ക്രിസ്റ്റഫര്‍(ശങ്കര്‍-43) ആണ് പോലീസിന്റെ പിടിയിലായത്. തീര്‍ത്ഥാടനത്തോടനുബന്ധിച്ച് പന്തളം കെഎസ്ആര്‍ടിസി ഡിപ്പോയില്‍ അലങ്കരിച്ച് തെളിച്ചു വെച്ചിരുന്ന നിലവിളക്കാണ് ഇയാള്‍ മോഷ്ടിച്ചത്.
അതേസമയം, 2013 ലാണ് 40 വയസ്സുകാരനെ ശങ്കര്‍ തലയ്ക്കടിച്ചുകൊന്നത്. ഇയാളെ പിടികൂടാന്‍ വാറന്റ് പുറപ്പെടുവിപ്പിച്ചിട്ടുണ്ടായിരുന്നു. കൊലപാതകശേഷം കേരളത്തിലേക്കു മുങ്ങിയ ഇയാള്‍ ഓമല്ലൂര്‍ ഭാഗത്ത് കൂലിപണിയെടുത്ത് ജീവിക്കുകയായിരുന്നു.
ഡിപ്പോ പരിസരത്ത് കറങ്ങി തിരിഞ്ഞു നടന്ന ക്രിസ്റ്റഫര്‍ ഉച്ചയ്ക്ക് തിരക്കു കുറഞ്ഞ സമയം നോക്കി തിരി കെടുത്തി വിളക്ക് കറുത്ത മുണ്ടിട്ട് മൂടി കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. സ്റ്റേഷനില്‍ എത്തിച്ചു ചോദ്യം ചെയ്യുന്നതിനിടെയാണ് മാര്‍ത്താണ്ഡം പോലീസ് സ്റ്റേഷനില്‍ ഇയാളുടെ പേരില്‍ കേസുണ്ടെന്ന് വെളിപ്പെട്ടതും. ഏതായാലും അപ്രതീക്ഷിതമായി കേസ് തെളിയിച്ച അമ്പരപ്പിലാണ് പോലീസ്.
Discussion about this post