കോന്നി: തെരുവില്‍ അലഞ്ഞ് നടന്ന ഇതരസംസ്ഥാന തൊഴിലാളിക്ക് തണലായി ജനമൈത്രി പോലീസ്. പത്തനംതിട്ട കോന്നിയില്‍ മാനസികനില തെറ്റി തെരുവില്‍ അലഞ്ഞു നടന്ന ഇതരസംസ്ഥാന തൊഴിലാളിയുടെ മുടി വെട്ടിയും കുളിപ്പിച്ചും പുതിയ വസ്ത്രങ്ങള്‍ വാങ്ങി നല്‍കിയും താങ്ങാവുകയായിരുന്നു കോന്നി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ സുബീക്ക് റഹീം.
ശേഷം മാനസികാസ്വാസ്ഥ്യമുള്ള ഇയാളെ ആനകുത്തിയിലെ ലൂര്‍ദ് മാതാ അഭയകേന്ദ്രത്തിലാക്കുകയും ചെയ്തു. ഒരാള്‍ തെരുവിലൂടെ അലഞ്ഞുതിരിഞ്ഞു നടക്കുന്നു എന്ന ഫോണ്‍ കോളാണ് എല്ലാത്തിനും തുടക്കം. പിന്നാലെ സുബീക്കും സുഹൃത്തുക്കളും ഇയാളെ അന്വേഷിച്ചിറങ്ങി. വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് സുബീക്ക് ഇയാളെ കണ്ടെത്തുന്നത്. ശേഷം മുടിയെല്ലാം വെട്ടി കുളിപ്പിച്ച് പുതിയ വസ്ത്രങ്ങള്‍ ധരിപ്പിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയിലും പ്രചരിക്കുന്നുണ്ട്.
ഇയാളുടെ പേരോ മറ്റ് വിവരങ്ങളോ ഒന്നും ലഭിച്ചിട്ടില്ലെന്ന് സുബീക്ക് റഹീം പറയുന്നു. ഇതാദ്യമായല്ല തെരുവില്‍ അലയുന്നവര്‍ക്ക് സുബീക്ക് അഭയം നല്‍കാനെത്തുന്നത്. ഈയടുത്ത് ഉറ്റവരാല്‍ ഉപേക്ഷിക്കപ്പെട്ട്, കണ്ണിന് തിമരം ബാധിച്ച നിലയില്‍ കണ്ടെത്തിയ ബാലചന്ദ്രന് എന്നയാളെ അഭയകേന്ദ്രത്തിലാക്കിയതും സുബീക്കിന്റെ നേതൃത്വത്തിലാണ്.
Discussion about this post