തിരുവനന്തപുരം: പോകാനിടമില്ലാതെ, ആരും തുണയില്ലാതെ മാനസികാരോഗ്യ കേന്ദ്രത്തിന്റെ വരാന്തയില്‍ ഊണവും ഉറക്കവും കഴിക്കുന്ന അമ്മയും മക്കളുമാണ് ഇന്ന് കണ്ണീര് കാഴ്ചയാവുന്നത്. വീട്ടുടമയുടെ ക്രൂര പ്രവൃത്തിയില്‍ മനസിന്റെ താളം തെറ്റിയ യുവാവ് മാനസികാരോഗ്യ കേന്ദ്രത്തില്‍ അഭയം തേടുകയായിരുന്നു. ഇവിടെയാണ് ആരും തുണയില്ലാതെ, അഞ്ചാം ക്ലാസുകാരിയും മൂന്നാംക്ലാസുകാരിയും ആയ മക്കളെ കൊണ്ട് ഈ അമ്മ അന്തിയുറങ്ങുന്നത്.
തിരുവനന്തപുരം അരുവിക്കര സ്വദേശിയായ യുവാവും ഭാര്യയും മക്കളുമാണ് പേരൂര്‍ക്കടയിലെ ആശുപത്രി വരാന്തയില്‍ കഴിയുന്നത്. ഒക്ടോബര്‍ 30ന് വാടക വീട്ടില്‍ നിന്നും വീട്ടുടമ ഇവരെ ഇറക്കി വിട്ടതാണ് ജീവിതം നാശമാക്കിയത്. യുവാവിന്റെ ജീവിത മാര്‍ഗം പോലും നശിപ്പിച്ചതാണ് വലിയ പ്രതിസന്ധിക്ക് വഴിവെച്ചത്.
‘വീടൊഴിയാന്‍ ഉടമ ആവശ്യപ്പെട്ടപ്പോള്‍ പ്രശ്നത്തിലിടപെട്ട എഎസ്ഐ കാലാവധി നീട്ടിനല്‍കണമെന്ന് പറഞ്ഞു. പക്ഷെ അവര്‍ തയ്യാറായില്ല. പരാതി നല്‍കാനായി കളക്ടറുടെ അടുത്ത് പോയി. ആ സമയം കൊണ്ടാണ് വീട്ടുപകരണങ്ങളും അക്വേറിയവും പക്ഷികളെയും മീനുകളെയുമെല്ലാം നശിപ്പിച്ചത്. 25 ലക്ഷത്തിന്റെ സാധനങ്ങളായിരുന്നു ഉണ്ടായിരുന്നത്’, നിറകണ്ണുകളോടെ യുവാവ് പറയുന്നു.
കഴിഞ്ഞ രണ്ട് മാസമായി കുട്ടികള്‍ക്ക് ആശുപത്രി പരിസരമാണ് വീട്. അഞ്ചാം ക്ലാസ്സുകാരിയായ മൂത്ത കുട്ടിയുടെ പഠനം മുടങ്ങി. പുസ്തകവും ബാഗുമെല്ലാം പോയി. പുസ്തകമെല്ലാം വെള്ളം നനഞ്ഞാണ് നശിച്ചത്. അന്തിയുറങ്ങാന്‍ വീടില്ലാത്തതിനാല്‍ ഒരു കുടുംബം മുഴുവനാണ് മാനസികാരോഗ്യ കേന്ദ്രത്തില്‍ കഴിയുന്നത്. ഒരായുസ്സിന്റെ സമ്പാദ്യമാണ് ഇവര്‍ക്ക് നഷ്ടമായത്. കുഞ്ഞുങ്ങളുടെ പഠിപ്പും മുടങ്ങിയത് അതിലും തീരാവേദനയായി മാറിയിരിക്കുകയാണ്.
Discussion about this post