കൊല്ലം: കൊല്ലം പത്തനാപുരത്ത് ബൈക്കില്‍ അഭ്യാസ പ്രകടനം നടത്തുന്നതിനിടെയുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്. ടിക് ടോക്കില്‍ വീഡിയോ പങ്കുവെയ്ക്കാന്‍ വേണ്ടിയാണ് വിദ്യാര്‍ത്ഥികള്‍ ബൈക്കില്‍ പ്രകടനം നടത്തിയത്. അപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥികളെ പുനലൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എലിക്കാട്ടൂരിനെയും കന്നറയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലത്തിനു മുകളിലായിരുന്നു അഭ്യാസ പ്രകടനം.
ബൈക്കിന്റെ മുന്‍ ഭാഗം പൊന്തിച്ച് ഒറ്റട്ടയറില്‍ ഓടിക്കുന്നതിന്റെയും മറ്റും വീഡിയോകള്‍ ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. മൂന്ന് ബൈക്കുകള്‍ വേഗത്തില്‍ പോകവെ തമ്മില്‍ കൂട്ടിമുട്ടുകയായിരുന്നു. ആഡംബര ബൈക്ക് ഓടിച്ചിരുന്ന 15കാരനും എലിക്കാട്ടൂര്‍ സ്വദേശി ജോണ്‍സണ്‍ ഓടിച്ചിരുന്ന ബൈക്കുമാണ് കൂട്ടിമുട്ടിയത്.
പാലത്തില്‍ അഭ്യാസപ്രകടനം നടത്തരുതെന്ന് നാട്ടുകാര്‍ പലകുറി ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇതെല്ലാം തള്ളിയാണ് യുവാക്കള്‍ പ്രകടനം നടത്തിയത്. അഭ്യാസ പ്രകടനം നടത്തുന്നതിനിടെ ഹെല്‍മെറ്റ് ധരിച്ചത് വന്‍ ദുരന്തം ഒഴിവായെന്നും നാട്ടുകാര്‍ പറയുന്നു.