തിരുവനന്തപുരം: ഉഗ്രവിഷമുള്ള അണലിയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന വാവാ സുരേഷ് ആശുപത്രി വിട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടിയത് മുര്‍ഖന്‍ പാമ്പിനെ. ഇന്നലെ രാവിലെ അരുവിക്കരയിലെ ഒരു വീടിന് സമീപത്തുള്ള പറമ്പില്‍ നിന്നുമാണ് സുരേഷ് പാമ്പിനെ പിടികൂടിയത്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മള്‍ട്ടി ഡിസിപ്ലനറി ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്ന സുരേഷിനെ വെള്ളിയാഴ്ച വൈകുന്നേരമാണ് ഡിഡ്ചാര്‍ജ് ചെയ്തത്. പിന്നാലെയാണ് വീണ്ടും പാമ്പിനെ പിടികൂടിയത്.
പാമ്പുപിടിത്തത്തിനിടെ കഴിഞ്ഞ വ്യാഴാഴ്ചയാണ് സുരേഷിന് അണലിയുടെ കടിയേറ്റത്. പത്തനാപുരത്ത് പാമ്പിനെ പിടികൂടിയശേഷം നാട്ടുകാരുടെ ആവശ്യപ്രകാരം അതിനെ പൊതുജനങ്ങള്‍ക്ക് മുന്നില്‍ വീണ്ടും പ്രദര്‍ശിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സുരേഷിന് രക്ത അണലിയുടെ കടിയേറ്റത്. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ഒരാഴ്ചയിലേറെ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു.മെഡിക്കല്‍ കോളേജ് ആശുപത്രിയില് മന്ത്രി കെ കെ ശൈലജ ഇടപെട്ട് സുരേഷിന് സൗജന്യ ചികിത്സയും മുറിയും അനുവദിച്ചിരുന്നു.