കോട്ടയം: ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് ആഹ്വാനം ചെയ്ത ഭാരത് ബന്ദ് കേരളത്തിൽ ഹർത്താലാകും. ഭാരത് ബന്ദിനെ പിന്തുണച്ച് ദളിത് സംയുക്ത സമിതിയാണ് സംസ്ഥാനത്ത് ഹർത്താൽ ആഹ്വാനം ചെയ്തിരിക്കുന്നത്. ഞായറാഴ്ച രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെയാണ് കേരളത്തിൽ ഹർത്താൽ ആചരിക്കുക.
പാൽ, പത്രം വിതരണം, മെഡിക്കൽ ഷോപ്പ്, ആംബുലൻസ് സർവീസ്, വിവാഹ പാർട്ടികളുടെ വാഹനങ്ങൾ എന്നിവയെ ഹാർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് സംസ്ഥാന കമ്മിറ്റി ചെയർമാൻ എകെ സജീവ്, ജനറൽ കൺവീനർ അഡ്വ. പിഒ ജോൺ എന്നിവർ അറിയിച്ചു. സർക്കാർ ജോലികളിൽ സ്ഥാനക്കയറ്റത്തിന് സംവരണം മൗലികാവകാശമല്ലെന്ന സുപ്രീം കോടതി വിധിക്കെതിരെയാണ് ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തത്.
ജസ്റ്റിസ് നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ചിൻറെ വിധി ഭരണഘടന വിരുദ്ധമാണെന്നും തെറ്റ് തിരുത്തണമെന്നും ആവശ്യപ്പെട്ടാണ് ആസാദ് സമരം പ്രഖ്യാപിച്ചത്.
കേരളത്തിലെ സംഘടനകളായ ആദിവാസി ഗോത്രമഹാസഭ, കെഡിപി, ഭീം ആർമി, കെസിഎസ്, ഡിഎച്ച്ആർഎം, എകെസിഎച്ച്എംഎസ്, ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനം, കെപിഎംഎസ്, സാധുജന പരിപാലന സംഘം, എഎസ് ഫോർ, എൻഡിഎൽഎഫ് എന്നിവയാണ് ഹർത്താലിന് സംയുക്തമായി ആഹ്വാനം ചെയ്തിരിക്കുന്നത്.
Discussion about this post