കോയമ്പത്തൂര്‍ അപകടം; ടയര്‍ പൊട്ടിയതല്ല, മെക്കാനിക്കല്‍ പ്രശ്‌നവും അല്ല, അപകടത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ഡ്രൈവര്‍ക്കെന്ന് മന്ത്രി എകെ ശശീന്ദ്രന്‍

മരണപ്പെട്ട ബസ് ഡ്രൈവറുടെയും കണ്ടക്ടറുടെയും കുടുംബത്തിന് 30 ലക്ഷം രൂപ നല്‍കും.

കോഴിക്കോട്: കോയമ്പത്തൂര്‍ അവിനാശി അപകടത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ലോറി ഡ്രൈവര്‍ക്ക് മാത്രമാണെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍. ടയര്‍ പൊട്ടിയതല്ലെന്നും മെക്കാനിക്കല്‍ പ്രശ്‌നവും അല്ലെന്നും അദ്ദേഹം തുറന്നടിച്ചു. മരണപ്പെട്ട ബസ് ഡ്രൈവറുടെയും കണ്ടക്ടറുടെയും കുടുംബത്തിന് 30 ലക്ഷം രൂപ നല്‍കും. ആശ്രിതര്‍ക്ക് നല്‍കുന്ന 10 ലക്ഷം രൂപ നഷ്ടപരിഹാരത്തില്‍ ആദ്യഗഡു 2 ലക്ഷംരൂപ നടപടിക്രമം പൂര്‍ത്തിയാകും മുമ്പ് നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

മന്ത്രിയുടെ വാക്കുകള്‍;

അവിനാശിയിലെ അപകടം മെക്കാനിക്കല്‍ പ്രശ്നം കൊണ്ട് ഉണ്ടായതാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. എന്നാല്‍ ടയര്‍ പൊട്ടിയതുകൊണ്ടല്ല അപകടം ഉണ്ടായിരിക്കുന്നത്. 25-ാം തീയതി റോഡ് സേഫ്റ്റിയുടെ അടിയന്തര മീറ്റിങ് വിളിച്ചിട്ടുണ്ട്. കണ്ടെയ്നര്‍ ലോറികളുടെ നിയന്ത്രണമില്ലാത്ത പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിക്കാന്‍ കഴിയുമോ എന്നതാണ് പ്രധാനമായും ചര്‍ച്ച ചെയ്യുക. രാത്രികാല ബസുകള്‍ അമിത വേഗത്തിലാണ് എന്നുള്ളത് വസ്തുതയാണ്. അതും ചര്‍ച്ച ചെയ്യും. അപകടം ഉണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ പെര്‍മിറ്റ് റദ്ദാക്കാനുള്ള നടപടിക്ക് ശ്രമിക്കും

Exit mobile version