കോട്ടയം: കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം പിളര്‍ന്നു. കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം ചെയര്‍മാന്‍ ജോണി നെല്ലൂരും മുന്‍മന്ത്രിയും എംഎല്‍എയുമായ പാര്‍ട്ടി ലീഡര്‍ അനൂപ് ജേക്കബും വെവ്വേറെ യോഗങ്ങള്‍ ചേര്‍ന്നതോടെയാണ് പിളര്‍പ്പ് പൂര്‍ത്തിയായത്. ജോണി നെല്ലൂര്‍ പാര്‍ട്ടി ഉന്നതാധികാര സമിതി യോഗം വിളിച്ച ഇന്നു തന്നെ അനൂപ് ജേക്കബിന്റെ നേതൃത്വത്തില്‍ മറ്റൊരു യോഗവും ചേരുകയായിരുന്നു. കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പുമായി ലയിക്കാനുള്ള നീക്കമാണ് പിളര്‍പ്പിലേക്ക് എത്തിച്ചത്.
തങ്ങളുടെ വിഭാഗം ജോസഫ് ഗ്രൂപ്പുമായി ലയിക്കുമെന്ന് പാര്‍ട്ടി ചെയര്‍മാന്‍ ജോണി നെല്ലൂര്‍ പ്രഖ്യാപിച്ചു. ഇത് സംബന്ധിച്ച പ്രമേയം യോഗം അംഗീകരിച്ചു. ജേക്കബ് വിഭാഗമെന്ന ചെറിയ പാര്‍ട്ടിയുടെ ചെയര്‍മാന്‍ സ്ഥാനത്തിരിക്കുന്നതിലും നല്ലത് ജോസഫിന്റെ നേതൃത്വത്തിലുള്ള വലിയ പാര്‍ട്ടിയുടെ സാധാരണ പ്രവര്‍ത്തകനായിരിക്കുന്നതാണെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.
പാര്‍ട്ടിയെ പിളര്‍ത്താന്‍ അനൂപ് ജേക്കബ് ചിലരില്‍ നിന്ന് അച്ചാരം വാങ്ങിയെന്നും ജോണി നെല്ലൂര്‍ ആരോപിച്ചു. പാര്‍ട്ടി എന്താണെന്ന് അനൂപിന് അറിയില്ല. ജോസഫിനോട് ഡെപ്യൂട്ടി ലീഡര്‍ സ്ഥാനം അനൂപ് ആവശ്യപ്പെട്ടു. അത് ലഭിക്കില്ലെന്ന് ഉറപ്പായപ്പോള്‍ ലയനത്തെ എതിര്‍ത്തെന്നും ജോണി ആരോപിച്ചു.
അതേസമയം, ജോസഫ് വിഭാഗവുമായി ലയനം വേണ്ടെന്ന ഉറച്ച നിലപാടിലാണ് അനൂപ് ജേക്കബ്. ഇപ്പോള്‍ നില്‍ക്കുന്നതു പോലെ ജേക്കബ് വിഭാഗമായി തന്നെ മുന്നോട്ട് പോകുമെന്ന് അനൂപ് ജേക്കബ് പ്രതികരിച്ചു. ടി.എം.ജേക്കബ് മരണമടഞ്ഞതിനു പിന്നാലെ, അനൂപ് ജേക്കബും ജോണി നെല്ലൂരും തമ്മില്‍ തുടരുന്ന തര്‍ക്കമാണ് ഇപ്പോള്‍ പിളര്‍പ്പായി മാറിയത്.
Discussion about this post