കോയമ്പത്തൂര്‍ അപകടം; ഡ്രൈവര്‍ക്കെതിരെ കേസെടുത്തു; ടയര്‍ പൊട്ടിയാണ് അപകടം നടന്നതെന്ന വാദം തള്ളി മോട്ടോര്‍ വാഹന വകുപ്പ്

തിരുപ്പൂര്‍: കോയമ്പത്തൂര്‍ അവിനാശിയില്‍ 19 പേരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തില്‍ ട്രക്ക് ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു. അശ്രദ്ധമായി വാഹനമോടിച്ചതിന് മനഃപൂര്‍വ്വം അല്ലാത്ത നരഹത്യക്കാണ് കേസെടുത്തത്. പാലക്കാട് ഒറ്റപ്പാലം സ്വദേശി ഹേമരാജിന് എതിരെയാണ് കേസ് എടുത്തിരിക്കുന്നത്. ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.

പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയ ഹേമരാജിനെ ഈറോഡ് പോലീസ് ചോദ്യം ചെയ്യുകയാണ്. ഡ്രൈവിങ്ങിനിടയില്‍ ശ്രദ്ധ നഷ്ടപ്പെട്ടെന്നും, ഡിവൈഡറില്‍ ഇടിച്ച ശേഷമാണ് നിയന്ത്രണം നഷ്ടപ്പെട്ടതായി തിരിച്ചറിവ് വന്നതെന്നും ഹേമരാജ് പോലീസിന് മൊഴി നല്കി.

അതെസമയം ലോറിയുടെ ടയര്‍ പൊട്ടിയാണ് അപകടം നടന്നതെന്ന ഡ്രൈവറുടെ വാദം മോട്ടോര്‍വാഹന വകുപ്പ് തള്ളി. ട്രക്കിന് ആറ് മാസം മാത്രമാണ് പഴക്കമുള്ളത്. ട്രക്കിന്റെ ടയറും അധികം പഴക്കമുള്ളതല്ല. അതിനാല്‍ പൊട്ടാനുള്ള സാധ്യത ഇല്ല. ഇടിയുടെ ആഘാതത്തിലായിരിക്കും ടയര്‍ പൊട്ടിയിട്ടുണ്ടാവുക എന്നുമാണ് മോട്ടോര്‍വാഹന വകുപ്പിന്റെ നിഗമനം.

ഡ്രൈവര്‍ ഉറങ്ങി പോയതിനെ തുടര്ന്ന് നിയന്ത്രണം വിട്ടായിരിക്കാം അപകടമുണ്ടായത് എന്നാണ് പ്രാഥമിക നിഗമനം. കൊച്ചിയിലെ ഗ്ലോബല്‍ ഷിപ്പിങ് കമ്പനിയുടേതാണ് ട്രക്ക്. കൊച്ചി വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലില്‍ നിന്ന് ടൈലുകള്‍ കയറ്റി സേലത്തേക്ക് പോവുമ്പോഴാണ് അപകടം.

വെള്ളിയാഴ്ച പുലര്‍ച്ചെ 3.30ടെയായിരുന്നു അപകടം. ബംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട കെഎസ്ആര്‍ടിസി വോള്‍വോ ബസാണ് അപകടത്തില്‍ പെട്ടത്. മരിച്ച 19 പേരില്‍ അഞ്ച് പേര്‍ സ്ത്രീകളാണ്. ബസ് വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പലരേയും പുറത്തെടുത്തത്.

Exit mobile version