കോട്ടയം: കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം പിളര്‍പ്പിലേക്ക്. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവുമായുള്ള ലയനം സംബന്ധിച്ച തര്‍ക്കമാണ് ജേക്കബ് വിഭാഗം പിളര്‍പ്പിലേക്ക് പോകാന്‍ കാരണം.
കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം ചെയര്മാന് ജോണി നെല്ലൂരും പാര്‍ട്ടി ലീഡര്‍ അനൂപ് ജേക്കബ് എംഎല്‍എയും വെവ്വേറെ വിളിച്ച യോഗങ്ങള്‍ ഇന്ന് കോട്ടയത്ത് നടക്കും. രാവിലെ ഒമ്പതരയ്ക്ക് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഓഫീസിലാണ് അനൂപ് ജേക്കബിന്റെ യോഗം. ജോണി നെല്ലൂര്‍ വിഭാഗത്തിന്റെ യോഗം പത്തരയ്ക്ക് പബ്ലിക്ക് ലൈബ്രറി ഹാളില്‍ നടക്കും.
ജേക്കബ് ജോണി നെല്ലൂര്‍ വിഭാഗം 29 ന് ജോസഫ് വിഭാഗത്തില്‍ ലയിക്കുമെന്ന് പിജെ ജോസഫ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.എറണാകുളത്താണ് ലയന സമ്മേളനം. വൈകാതെ അനൂപ് ജേക്കബും എത്തുമെന്നാണ് പ്രതീക്ഷയെന്നും പിജെ ജോസഫ് പറഞ്ഞു. ജോണി നെല്ലൂര്‍ ഇന്ന് ലയന പ്രഖ്യാപനം നടത്തും എന്നാണ് വിവരം. എന്നാല്‍, ലയനം വേണ്ടെന്ന നിലപാടിലാണ് അനൂപ് ജേക്കബ്. ഭൂരിപക്ഷം ജില്ലാ പ്രസിഡന്റുമാരുടെയും പിന്തുണയുണ്ടെന്നാണ് ഇരുപക്ഷത്തിന്റെയും അവകാശവാദം.
അതെസമയം ലയനത്തിലൂടെ യുഡിഎഫിലെ ശക്തമായ കേരള കോണ്‍ഗ്രസ് വിഭാഗമായി മാറാനാണ് ജോസഫ് വിഭാഗത്തിന്റെ ലക്ഷ്യം. കുട്ടനാട് സീറ്റിന്റെ കാര്യത്തിലും ജോസ് കെ മാണി വിഭാഗത്തെ മറികടക്കാന്‍ ലയന നീക്കം ഗുണം ചെയ്യുമെന്നാണ് ജോസഫ് വിഭാഗത്തിന്റെ പ്രതീക്ഷ.
കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തില്‍ ഭിന്നത നേരത്തെ രൂക്ഷമായിരുന്നു. അനൂപ് ജേക്കബിന് എതിരെ വിമര്‍ശനവുമായി കഴിഞ്ഞ ദിവസം ജോണി നെല്ലൂര്‍ രംഗത്ത് വന്നിരുന്നു. അനൂപ് ജേക്കബ് വേറെ പാര്‍ട്ടിയുണ്ടാക്കിയാല്‍ അത് ചീട്ട് കൊട്ടാരം പോലെ തകരുമെന്ന് ജോണി നെല്ലൂര്‍ പറഞ്ഞു. പാര്‍ട്ടിയുടെ സീറ്റുകള്‍ ഇല്ലാതാക്കിയതിന് പിന്നില്‍ അനൂപ് ജേക്കബാണ്. അനൂപ് കഴിഞ്ഞ ദിവസം വിളിച്ച യോഗം സംഘടനാ വിരുദ്ധമാണ്. വീണ്ടും യോഗം വിളിച്ചാല്‍ നടപടിയെടുക്കേണ്ടി വരുമെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.
എന്നാല്‍ ജോണി നെല്ലൂരിനെതിരെ വിമര്‍ശനവുമായി പാര്‍ട്ടി യുവജന വിഭാഗം സംസ്ഥാന ജനറല്‍ സെക്രട്ടറി എംസി സെബാസ്റ്റ്യന്‍ രംഗത്തെത്തി. ജോണി നെല്ലൂര്‍ യുഡിഎഫിനെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ് എന്നായിരുന്നു എംസി സെബാസ്റ്റ്യന്‍ പറഞ്ഞത്. ജോണി നെല്ലൂര്‍ വിളിച്ച യോഗം ഭരണഘടനാ വിരുദ്ധമാണെന്ന് യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് പ്രേംസണ്‍ പോള്‍ ആരോപിച്ചു.
Discussion about this post