മലപ്പുറം: റാഗിങ്ങിനിരയായ കോളേജ് വിജദ്യാര്‍ത്ഥിയുടെ കര്‍ണ്ണപടം പൊട്ടി. കുറ്റിപ്പുറം എംഇഎസ് കോളേജിലാണ് സംഭവം. ഒന്നാം വര്‍ഷ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയും വയനാട് സ്വദേശിയുമായ അബ്ദുള്ള യാസിനാണ് സാരമായി പരിക്കേറ്റത്. കോളജ് ഹോസ്റ്റലില്‍ സീനിയര്‍ വിദ്യാര്‍ത്ഥികളുടെ റാഗിങ്ങിനിടെയാണ് അബ്ദുള്ള യാസിന് ഗുരുതരമായി പരിക്കേല്‍ക്കുന്നത്.
സീനിയര്‍ വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന മുറികള്‍ വൃത്തിയാക്കാനാണ് ആദ്യം വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടത്. ശേഷം ശുചിമുറി വൃത്തിയാക്കാനും ആവശ്യപ്പെട്ടു. ഇതിന് വിസമ്മതിച്ചതോടെ പ്രകോപിതരായ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ സ്റ്റീല്‍ പ്ലേറ്റ് ഉപയോഗിച്ച് അബ്ദുള്ള യാസിനിന്റെ ഇടത് ചെവിയില്‍ ശക്തിയായി അടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ യാസിനിനെ ഉടന്‍ തന്നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാല്‍ കര്‍ണപടം പൊട്ടിയെന്നും വിദഗ്ധ ചികില്‍സ ആവശ്യമാണെന്നും ഡോക്ടര്‍ അറിയിച്ചു. വിദ്യാര്‍ത്ഥിയെ ഇപ്പോള്‍ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തില്‍ സീനിയര്‍ വിദ്യാര്‍ത്ഥികളായ മുഹമ്മദ് ഫാഹിദ്, മുഹമ്മദ് ആദില്‍, മുഹമ്മദ് നൂര്‍ഷിദ്, ഹഫീസ്, അദീപ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.