കൊച്ചി: സിബിഐയ്ക്ക് തിരിച്ചടിയായി ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. നെടുങ്കണ്ടം കസ്റ്റഡി മരണ കേസിൽ പ്രതികളായ ആറ് പോലീസുകാരെയും വിട്ടയച്ചുകൊണ്ടാണ് കോടതി സിബിഐയെ വിമർശിച്ചത്. അറസ്റ്റ് ചെയ്ത ആറ് പോലീസുകാരെ എത്രയും പെട്ടെന്ന് വിട്ടയക്കണമെന്നു വിധിച്ച കോടതി ജാമ്യ ഉത്തരവ് ചോദ്യം ചെയ്യാതെ പ്രതികളെ അറസ്റ്റ് ചെയ്തതിനെയാണ് വിമർശിച്ചത്.
പ്രതികൾക്ക് മുമ്പ് അനുവദിച്ച ജാമ്യം സിബിഐ മേൽകോടതികളിൽ ഒരിടത്തും ചോദ്യം ചെയ്തിട്ടില്ലെന്നും ഇവരെ അന്യായമായാണ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തതെന്നും ഹൈക്കോടതി വ്യക്തമാക്കി. തുടർന്നാണ് പോലീസുകാരെ വിട്ടയക്കണമെന്ന് കോടതി ഉത്തരവിട്ടത്.
എഎസ്ഐമാരായ സിബി റെജിമോൻ, റോയി പി വർഗ്ഗീസ്, സിവിൽ പോലീസ് ഓഫീസർമാരായ എസ് നിയാസ്, സജീവ് ആന്റണി, ജിതിൻ കെ ജോർജ്, ഹോം ഗാർഡ് കെഎം ജെയിംസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ റിമാൻഡ് ചെയ്തിരുന്നു. ഇവരെ അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് എസ്ഐയെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ജാമ്യഹർജി തള്ളിയ ശേഷമായിരുന്നു ഇത്. അതിനാൽ എസ്ഐയുടെ അറസ്റ്റ് നിലനിൽക്കും. ഇടുക്കി നെടുങ്കണ്ടം സ്വദേശി രാജ്കുമാർ കഴിഞ്ഞ വർഷം ആഗസ്റ്റ് 21നാണ് പോലീസ് കസ്റ്റഡിയിൽ മരിച്ചത്.
Discussion about this post