കോയമ്പത്തൂര്‍: നാടിനെ നടുക്കിയ കോയമ്പത്തൂരിലെ കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍ വിരലില്‍ എണ്ണാവുന്നവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടിട്ടുണ്ട്. കണ്ണില്‍ കണ്ട അപകടം ഇപ്പോഴും ഇവര്‍ക്ക് ഓര്‍ക്കെടുക്കാവുന്നില്ല. വലിയൊരു ഇടിയുടെ ശബ്ദം മാത്രമെ ഓര്‍മ്മയിലൊള്ളൂവെന്ന് അപകടത്തില്‍ നിന്നും രക്ഷപ്പെട്ട വിദ്യാര്‍ത്ഥിനിയായ ശ്രീലക്ഷ്മി പറയുന്നു. അപകടം നടക്കുമ്പോള്‍ എല്ലാവരും ഉറക്കത്തിലായിരുന്നുവെന്നും ശ്രീലക്ഷ്മി കൂട്ടിച്ചേര്‍ത്തു.
ഇരുട്ടായതിനാല്‍ അപകടത്തിന് ശേഷം ഒന്നും വ്യക്തമായി കാണാന്‍ സാധിച്ചില്ല. ഭാഗ്യംകൊണ്ട് മാത്രമാണ് രക്ഷപ്പെട്ടതെന്നും ശ്രീലക്ഷ്മി പറയുന്നു. ശ്രീലക്ഷ്മിക്ക് കാലില്‍ ചെറിയൊരു പരിക്ക് മാത്രമാണ് ഉണ്ടായിരുന്നത്. പരിക്ക് ഗുരുതരമല്ലാത്തതിനാല്‍ പ്രഥമ ശുശ്രൂഷ ചെയത് ഡിസ്ചാര്‍ജ് ചെയ്തു. ശ്രീലക്ഷ്മി ഇപ്പോള്‍ തിരുപ്പൂരിലുള്ള സുഹൃത്തിന്റെ വീട്ടില്‍ നില്‍ക്കുകയാണ്. രക്ഷിതാക്കളെത്തിയ ശേഷം അവര്‍ക്കൊപ്പം നാട്ടിലേക്ക് മടങ്ങുമെന്നും ശ്രീലക്ഷ്മി പറഞ്ഞു.
ശ്രീലക്ഷ്മിയുടെ വാക്കുകള്‍;
ബംഗളൂരുവില്‍നിന്ന് തൃശ്ശൂരിലേക്ക് ഒറ്റയ്ക്കായിരുന്നു യാത്ര, മുന്‍ഭാഗത്ത് കണ്ടക്ടര്‍ സീറ്റിന് സമീപമാണ് ഇരുന്നത്. ഉറങ്ങുന്നത് വരെ കണ്ടക്ടറും ആ സീറ്റിലുണ്ടായിരുന്നു. പിന്നെ സീറ്റ് മാറിയിരുന്നോയെന്ന് അറിയില്ല. അപകടത്തില്‍ കണ്ടക്ടര്‍ മരിച്ചതായി ഇപ്പോള്‍ വാര്‍ത്തകളിലൂടെയാണ് അറിഞ്ഞത്.
അപകടത്തിന്റെ ആഘാതത്തില്‍ ഒന്നും ഓര്‍മ്മയില്ല. വലിയ ശബ്ദത്തോടെയുള്ള ഇടി മാത്രമാണ് ഓര്‍മയിലുള്ളത്. പിന്നീട് എല്ലാം ഛിന്നഭിന്നമായി കിടക്കുന്നതാണ് കാണുന്നത്. അപകടം നടന്ന ഉടന്‍ തന്നെ നാട്ടുകാരും മറ്റും രക്ഷാപ്രവര്‍ത്തനത്തിനെത്തിയിരുന്നു. ആംബുലന്‍സില്‍ പരിക്കേറ്റവരെയെല്ലാം ആശുപത്രിയിലേക്ക് കൊണ്ടുപോയി. പരിക്ക് ഗുരുതരമല്ലാത്തവര്‍ക്ക് സംഭവസ്ഥലത്തുവെച്ച് തന്നെ പ്രഥമ ശ്രുശ്രൂഷകള്‍ നല്‍കിയിരുന്നു.
ഒപ്പമുണ്ടായിരുന്ന യാത്രക്കാരെക്കുറിച്ചുള്ള കാര്യങ്ങളൊന്നും അറിയില്ല. ബസിന്റെ വലതുഭാഗത്തിരുന്ന യാത്രക്കാര്‍ക്കാണ് കൂടുതലും പരിക്ക് സംഭവിച്ചത്.