സന്നിധാനത്ത് നിരോധനാജ്ഞ ഇന്ന് അര്‍ധരാത്രി അവസാനിക്കും..! ആശങ്കയില്‍ പോലീസ്; റിപ്പോര്‍ട്ട് നിര്‍ണായകം

സന്നിധാനം: സന്നിധാനത്ത് പോലീസ് പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്ന് അര്‍ധരാത്രി അവസാനിക്കും. എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെയും പോലീസിന്റെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിരോധനാജ്ഞ തുടരുന്ന കാര്യത്തില്‍ വൈകീട്ടോടെ തീരുമാനമുണ്ടാകും. സന്നിധാനം, പമ്പ, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നീ സ്ഥലങ്ങളില്‍ കഴിഞ്ഞ 11 ദിവസമായി നിരോധനാജ്ഞ തുടരുകയാണ്. എന്നാല്‍ കഴിഞ്ഞ രണ്ട് ദിവസം പ്രശ്‌നമുണ്ടായ പശ്ചാത്തലത്തില്‍ നിരോധനാജ്ഞ നീട്ടണമെന്ന നിലപാട് പോലീസ് ആവര്‍ത്തിക്കുമെന്നാണ് സൂചന. ബാരിക്കേടുകള്‍ തകര്‍ത്ത് പ്രതിഷേധം നടത്തിയതും വിഷയമാകും

ജനുവരി പതിന്നാലുവരെ നിരോധനാജ്ഞ നീട്ടണമെന്ന് പോലീസ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് നല്‍കിയെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് നാലു ദിവസത്തേക്ക് മാത്രമാണ് ദീര്‍ഘിപ്പിച്ചത്. സ്ഥിതിഗതി ശാന്തമാണെങ്കില്‍ ഉത്തരവ് പതിയെ പിന്‍വലിക്കാമെന്ന നിലപാടിലായിരുന്നു ജില്ലാ ഭരണകൂടം. നിയന്ത്രണം ഗുണം ചെയ്തുവെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.

നിരോധനാജ്ഞ ഏര്‍പ്പെടുത്തിയതിനെതിരെ ഹൈക്കോടതിയുടെ ചില പരാമര്‍ശങ്ങള്‍ ഉണ്ടായെങ്കിലും ഉത്തരവില്‍ ഇതൊന്നും ഉള്‍പ്പെടുത്താതിരുന്നത് സര്‍ക്കാരിന് ആത്മവിശ്വാസം നല്‍കുന്നുണ്ട്. ഇതിനിടെ എസ്പി യതീഷ് ചന്ദ്രയെ ശബരിമല ഡ്യൂട്ടിയില്‍നിന്ന് പിന്‍വലിച്ചുവെന്ന രീതിയില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്ന് പോലീസ് അറിയിച്ചു. മുന്‍ നിശ്ചയപ്രകാരം ഈ മാസം മുപ്പതിന് മാത്രമേ ഉദ്യോഗസ്ഥരുടെ ചുമതലമാറ്റം ഉണ്ടാകൂ.

Exit mobile version